
കൊച്ചി: കൊപ്ര താങ്ങുവിലയ്ക്ക് സംഭരിക്കുന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാരും കേന്ദ്ര നോഡൽ ഏജൻസികളായ നാഫെഡും നാഷണൽ കോ-ഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷനുമായി അടുത്തയാഴ്ച ചർച്ച നടത്തും. ചർച്ചയ്ക്ക് ശേഷമാകും സംഭരണത്തിനുള്ള സംസ്ഥാന ഏജൻസികളുടെ പട്ടികയ്ക്കും എന്നുമുതൽ സംഭരിക്കണമെന്നതിനും അന്തിമരൂപമാവുക.
കൊപ്ര താങ്ങുവിലയ്ക്ക് സംഭരിക്കാൻ കഴിഞ്ഞ ദിവസമാണ് കേന്ദ്രാനുമതിയായത്. ഉത്തരവും ഇറങ്ങി. 105.90 രൂപയാണ് താങ്ങുവില. മാർക്കറ്റ് വില 90-96 രൂപയാണ്. സംഭരണം തുടങ്ങിയാൽ മാർക്കറ്റ് വിലയിലും വർദ്ധനയുണ്ടാകും. ജൂലായ് വരെ ആറുമാസത്തേക്ക് സംഭരണമുണ്ടാകുമെന്ന് നാഫെഡ് കേരള ഹെഡ് വി.സി. ഷൈമോൻ പറഞ്ഞു. 50,000 ടൺ കൊപ്രയാണ് സംഭരിക്കുക.