ആലങ്ങാട്: മാഞ്ഞാലിയിൽ സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗത്തിനെയും സഹോദരനെയും ഗുണ്ടാസംഘം ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ ജില്ലാ നേതാവിനെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു. മാട്ടുപുറം എരമംഗലത്ത് ഷാനവാസിനെയും നവാസിനെയും വീടുകയറി വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിലാണ് പുതിയ വഴിത്തിരിവ്.
സി.പി.എം മാട്ടുപുറം ബ്രാഞ്ച് കമ്മിറ്റി അംഗമായ നവാസിന്റെ കുടുംബത്തിന്റെ വിവരങ്ങൾ പ്രതികൾക്ക് നൽകിയത് എസ്.എഫ്.ഐ നേതാവാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇയാളെ വിശദമായ ചോദ്യംചെയ്യലിനായി ആലുവ ഡിവൈ.എസ്.പി ഓഫീസിലേക്ക് മാറ്റി.
കേസിൽ പ്രതികളെ പലവിധത്തിൽ സഹായിച്ച 9 പേരെ പൊലീസ് അറസ്റ്റുചെയ്‌തെങ്കിലും കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ആക്രമണം നടത്തിയ പറവൂരിലെ ഗുണ്ടാസംഘത്തെക്കുറിച്ച് എഫ്.ഐ.ആറിൽ പേരെടുത്ത് പരാമർശിച്ചിട്ടും ഇവരെ കണ്ടെത്താനായിട്ടില്ല. എഫ്.ഐ.ആറിലുള്ള പ്രതികളുടെ സാമൂഹികമാദ്ധ്യമങ്ങളിലെ ചിത്രങ്ങൾ വച്ച് തിരയുകയാണ് പൊലീസ്.