കൊച്ചി: ഈ വർഷം ഇതുവരെയുള്ള ജനകീയാസൂത്രണ പദ്ധതി പ്രവർത്തനങ്ങളിൽ നഗരസഭകളിൽ കൊച്ചി ഒന്നാമതാണെന്ന് മേയർ എം. അനിൽകുമാർ പറഞ്ഞു. ജനകീയാസൂത്രണ പ്രവർത്തനങ്ങളുടെ അവലോകന യോഗശേഷം സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് മേയർ ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞവർഷവും കൊച്ചിക്കായിരുന്നു ഒന്നാംസ്ഥാനം. വികസനകാര്യ സ്ഥിരംസമിതി ചെയർമാൻ പി.ആർ. റെനീഷ് അനാരോഗ്യം മൂലം മൂന്നുമാസം വിശ്രമത്തിലായിരുന്നു. ഇത് ഒരു പരിധിവരെ പദ്ധതിപ്രവർത്തനങ്ങളെ ബാധിച്ചിട്ടുണ്ട്. എന്നാൽ, അദ്ദേഹം മടങ്ങിയെത്തിയശേഷം പ്രവർത്തനങ്ങൾ കാര്യക്ഷമമാണ്. വിദ്യാഭ്യാസം, പൊതുജനാരോഗ്യം, പട്ടികജാതി/പട്ടികവർഗക്ഷേമം, കൃഷി, മത്സ്യമേഖല, അങ്കണവാടി, സാമൂഹ്യക്ഷേമ വകുപ്പ് തുടങ്ങിയ വിവിധ മേഖലകളിൽ നഗരസഭ പദ്ധതികൾ ഏറ്റെടുക്കുന്നുണ്ട്. പ്രത്യേക കൗൺസിൽ യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കോർപ്പറേഷൻ എൻജിനീയർമാർ ഒഴികെയുള്ള ഇംപ്ലിമെന്റിംഗ് ഓഫീസർമാർ യോഗത്തിൽ പങ്കെടുത്തു.