വൈപ്പിൻ: എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിന്റെ പടിഞ്ഞാറൻ മേഖലയിലെ പ്രധാന ജലമാർഗമായ ആർ.എം.പി. കനാലിന്റെ കൊച്ചി അഴിമുഖത്തേക്ക് തുറക്കുന്ന വായ്ഭാഗം ചെളിയടിഞ്ഞ് നീരൊഴുക്ക് തടസപ്പെട്ടിരിക്കുകയാണ്. പെട്രോനെറ്റ് എൽ.എൻ.ജിയുമായി ബന്ധപ്പെട്ട് ജെട്ടിയുടെ ആഴം നിലനിർത്തുവാൻ വേണ്ടി കൊച്ചിൻ പോർട്ട് ട്രസ്റ്റ് നടത്തന്ന ഡ്രഡ്ജിംങ്ങിനെ തുടർന്ന് കനാലിന്റെ കൊച്ചി അഴിമുഖത്തേക്ക് ചേരുന്ന ഭാഗത്തേക്ക് പൈപ്പിട്ട് ചെളി കലർന്ന വെള്ളം കഴിഞ്ഞ 6 മാസത്തിലധികമായി ഒഴുക്കിവിടുന്നുണ്ട്. ഇതോടെ കനാലിന്റെ വായ്ഭാഗം വീണ്ടും അടഞ്ഞ് നീരൊഴുക്ക് തടസപ്പെടുകയാണ്. ഇതുമൂലം എളങ്കുന്നപ്പുഴയുടെ പടിഞ്ഞാറൻ തീരം വെള്ളക്കെട്ടിന്റെ പിടിയിലായി.

കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ അവസാന സമയത്ത് പഞ്ചായത്തിന് ലഭ്യമായ ടൈഡ് ഫണ്ടിൽ നിന്ന് അന്നനുവദിച്ച 50 ലക്ഷം രൂപയിൽ 41 ലക്ഷവും ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് ലഭ്യമായ 23 ലക്ഷവും ചേ‌ർത്ത് 64 ലക്ഷം രൂപയുടെ ആർ.എം.പി.കനാൽ ആഴം വർദ്ധിപ്പിക്കൽ പ്രൊജക്ടിൽ ടെണ്ടർ ക്വാട്ട് ചെയ്തതിൽ വന്ന കുറവ് മൂലം 32 ലക്ഷം രൂപയ്ക്കാണ് പദ്ധതി നടപ്പിലാക്കപ്പെടുന്നത്.

ബാക്കി വന്ന തുക മറ്റു കാര്യങ്ങൾക്കായി മാറ്റുകയും ചെയ്തു. ആർ.എം.പി കനാലിന്റെ വായ്ഭാഗം കൊച്ചിൻ പോർട്ട് ട്രസ്റ്റിനെ കൊണ്ട് അടിയന്തരമായി തുറപ്പിക്കാനും ശാശ്വതപരിഹാരത്തിനായി കനാലിന്റെ കുറുകെയുള്ള പുലിമുട്ട് നീക്കം ചെയ്യുന്നതുൾപ്പെടെയുള്ള സാദ്ധ്യതകൾ ശാസ്ത്രീയമായി പഠിച്ച് ചെയ്യണം. ഇക്കാര്യത്തിൽ കൊച്ചിൻ പോർട്ട് ട്രസ്റ്റും എളങ്കുന്നപ്പുഴ ഗ്രാമ പഞ്ചായത്തും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് മുൻ പഞ്ചായത്ത് മെമ്പർ സി.ജി. ബിജു ആവശ്യപ്പെട്ടു.