കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ക്രൈംബ്രാഞ്ച് പറയുന്ന കള്ളം പ്രോസിക്യൂഷൻ ഏറ്റുപറയുകയാണെന്നും മുഖ്യസാക്ഷിയായ ബാലചന്ദ്രകുമാർ കൃത്രിമം കാട്ടുന്നയാൾ ( മാനിപ്പുലേറ്റർ ) ആണെന്നും ദിലീപിന്റെ അഭിഭാഷകൻ. മുൻകൂർ ജാമ്യാപേക്ഷയിലെ മറുപടി വാദത്തിനിടെയാണ് അഡ്വ. കെ. രാമൻപിള്ള ഇക്കാര്യം പറഞ്ഞത്.
ദിലീപിനെ കസ്റ്റഡിയിൽ ലഭിച്ചാൽ നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന്റെ പക്കൽനിന്ന് കണ്ടെടുത്തെന്ന് വ്യാജത്തെളിവുണ്ടാക്കാം. ഇതിനായി ദൃശ്യങ്ങൾ ബൈജു പൗലോസിന്റെ കൈവശം സൂക്ഷിച്ചിട്ടുണ്ടെന്നും ദിലീപിന്റെ ഫോണുകൾക്കുവേണ്ടി ഇത്രയും ശാഠ്യംപിടിക്കുന്നത് ഇതിനുവേണ്ടിയാണെന്നും രാമൻപിള്ള വാദിച്ചു.
ദിലീപിന്റെ വാദങ്ങൾ
ബൈജു പൗലോസിന്റെ പ്ളോട്ടിൽ ബാലചന്ദ്രകുമാറിന്റെ തിരക്കഥയാണ് ഈ കേസ്.
മൂന്നുദിവസങ്ങളിലായി 33 മണിക്കൂർ ചോദ്യംചെയ്തു. തെളിവൊന്നും ലഭിച്ചില്ല
അന്വേഷണവുമായി സഹകരിച്ചെന്നാണ് മേൽനോട്ടം വഹിച്ച ഉദ്യോഗസ്ഥൻ മാദ്ധ്യമങ്ങളോട് പറഞ്ഞത്
അന്വേഷണ ഉദ്യോഗസ്ഥനെ കോടതി മുറിയിൽ ദിലീപ് ഭീഷണിപ്പെടുത്തിയെന്ന ആരോപണം തെറ്റ്
ദിലീപ് എന്തൊരു ഭയങ്കരനാണെന്നല്ലേ ആളുകൾ വിചാരിക്കൂ. ഇത്തരം കള്ളങ്ങൾ പറയരുത്
ബാലചന്ദ്രകുമാറിന്റെ മൊഴികൾ വൈരുദ്ധ്യങ്ങൾ നിറഞ്ഞതാണ്.
ഇതിന്റെ അടിസ്ഥാനത്തിലുള്ള എഫ്.ഐ.ആർ നിലനിൽക്കില്ല
ഒരു വി.ഐ.പിയുടെ കാര്യം പറഞ്ഞിരുന്നു. ഇപ്പോൾ അയാൾ എവിടെ ?
പറ്റിയ ആളെ കിട്ടാത്തതുകൊണ്ടാണ് വി.ഐ.പി ആരെന്ന് പറയാത്തത്