ആലങ്ങാട്: സംസ്ഥാനത്ത് സി.പി.എമ്മിന്റെ നിയന്ത്രണത്തിലായ ആഭ്യന്തരവകുപ്പിൽ പൊലീസ് സേനയുടെ ആത്മവീര്യം കെട്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. സി.പി.എമ്മിന്റെ തണലിൽ ഗുണ്ടാസംഘങ്ങൾ അഴിഞ്ഞാടുകയാണ്. മാഞ്ഞാലി മാട്ടുപുറത്ത് ലഹരി മാഫിയയുടെ ആക്രമണത്തിന് ഇരയായ എരമംഗലത്ത് ഷാനവാസിന്റെ വീട് സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാഞ്ഞാലിയിൽ കുടുംബത്തോടൊപ്പം സ്വസ്ഥമായി കഴിയുന്ന ചെറുപ്പക്കാരനെ വീടിന്റെ വാതിൽ വെട്ടിപ്പൊളിച്ച് അകത്തുകടന്ന് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികളാരെന്ന് അറിഞ്ഞിട്ടും പിടികൂടാനായില്ല. പൊലിസിനെ പാർട്ടി നിയന്ത്രിക്കുന്നത് അവസാനിപ്പിച്ചില്ലെങ്കിൽ സംസ്ഥാനത്തെ ക്രമസമാധാനം കൂടുതൽ വഷളാകുമെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. മണ്ഡലം പ്രസിഡന്റ് എ.എം. അലി, ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ ടി.എ. നവാസ്, എ.എം. അബൂബക്കർ, കെ.എ. ജോസഫ്, എ.ബി. അബ്ദുൽ ഖാദർ, പി.എ. സക്കീർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി.പി. അനിൽകുമാർ, പഞ്ചായത്ത് അംഗം ടി.എ. മുജീബ്, വി.എ. അബ്ദുൽ കലാം, കെ.എ. അബ്ദുൽ ഗഫൂർ, എ.എം. അബ്ദുൽസലാം, ടി.എച്ച്. അബ്ദുൽ സത്താർ, എ.എം. അബ്ദുൽ ഫത്താഹ് എന്നിവരും ഒപ്പമുണ്ടായിരുന്നു.