sajivan
സജീവന്റെ മൃതദേഹം ഇന്നലെ വീട്ടി​ലെത്തി​ച്ചപ്പോൾ

കൊച്ചി: മത്സ്യത്തൊഴിലാളിയായ മാല്യങ്കര കോയി​ക്കൽ സജീവൻ (57) ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്ത സംഭവത്തിൽ സംസ്ഥാന സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു.

കടങ്ങൾ വീട്ടാനും വീടിന്റെ അറ്റകുറ്റപ്പണികൾക്കുമായി വായ്പയെടുക്കാൻ സ്ഥലത്തിന്റെ തരംമാറ്റത്തിന് അപേക്ഷ നൽകി സർക്കാർ ഓഫീസുകൾ കയറിയിറങ്ങി നിരാശനായ സജീവൻ ബുധനാഴ്ച രാത്രിയാണ് വീട്ടി​നുള്ളി​ൽ തൂങ്ങി​മരിച്ചത്. തന്റെ മരണത്തി​ന് ഉത്തരവാദി​കൾ മുഖ്യമന്ത്രി​യും സർക്കാരുമാണെന്ന് എഴുതി​യ കത്തും അടി​വസ്ത്രത്തി​നുള്ളി​ൽ ഉണ്ടായി​രുന്നു.

പരിശോധനയിൽ കൊവിഡ് പോസിറ്റീവായിരുന്നു. പോസ്റ്റുമോർട്ടത്തിനുശേഷം ഇന്നലെ ഉച്ചയ്ക്ക് വീട്ടി​ലെത്തി​ച്ച മൃതദേഹം കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് തത്തപ്പിളളി ശ്മശാനത്തിൽ സംസ്‌കരിച്ചു.

സതി​യാണ് ഭാര്യ. മക്കൾ: നി​ഥി​ൻദേവ്, അഷി​താദേവി​. മരുമക്കൾ: വർഷ, രാഹുൽ.

• ഒരാഴ്ചയ്ക്കുള്ളി​ൽ റി​പ്പോർട്ട്

ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ ജെറോമിക് ജോർജ്ജി​നാണ് സംഭവത്തെക്കുറിച്ചുള്ള അന്വേഷണ ചുമതല. ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് റവന്യൂമന്ത്രി കെ. രാജൻ കേരളകൗമുദിയോട് പറഞ്ഞു. ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഏജൻസികളെക്കുറിച്ചും അന്വേഷിച്ച് നടപടിയെടുക്കും.

• ന്യായീകരിച്ച് സബ് കളക്ടർ

സജീവന്റെ ഭൂമി തരംമാറ്റ അപേക്ഷയിൽ ചട്ടപ്രകാരമുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കാലതാമസമുണ്ടായിട്ടില്ലെന്നും ഫോർട്ടുകൊച്ചി സബ് കളക്ടർ ജില്ലാകളക്ടർക്ക് റിപ്പോർട്ട് നൽകി. ഫീസ് അടയ്ക്കാൻ സജീവന് നിർദ്ദേശം നൽകിയെങ്കിലും പ്രതികരിച്ചില്ല. ഫീസിളവിനും അപേക്ഷിച്ചി​ല്ല. അപേക്ഷ 2021ൽ സമർപ്പിച്ചതായതിനാലാണ് അദാലത്തുകളിൽ ഉൾപ്പെടാതിരുന്നതെന്നും റിപ്പോർട്ടിലുണ്ട്.

• സജീവന്റെ ബാദ്ധ്യത

പറവൂർ യൂണിയൻ ഏറ്റെടുത്തു

സജീവന്റെ കുടുംബത്തിന്റെ 20ലക്ഷം രൂപയുടെ ബാദ്ധ്യത എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ എറ്റെടുത്തു. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിർദ്ദേശപ്രകാരമാണ് നടപടി​യെന്ന് യൂണി​യൻ സെക്രട്ടറി ഹരി വിജയൻ പറഞ്ഞു. ഉത്തരവാദി​കളായ ഉദ്യോഗസ്ഥർക്കെതി​രെ കർശന നടപടിയെടുക്കണമെന്നും യൂണിയൻ ആവശ്യപ്പെട്ടു.

അന്വേഷിക്കണം: വി.ഡി. സതീശൻ

സജീവന്റെ ആത്മഹത്യയെക്കുറി​ച്ച് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. ഫോർട്ടുകൊച്ചി ആർ.ഡി.ഒ ഓഫീസിലെ ക്രമക്കേടുകളിലും അന്വേഷണം വേണം. ഇനിയൊരു സജീവൻ ഉണ്ടാകരുത്. വിഷയം നിയമസഭയിൽ ഉന്നയിക്കും. നിലം പുരയിടമാക്കുന്നത് സാധാരണ നടപടിക്രമമാണ്. സാധാരണക്കാരെ മനപ്പൂർവം ബുദ്ധിമുട്ടിക്കുകയാണ്. ആത്മഹത്യാക്കുറിപ്പിൽ സർക്കാരിനേയും മുഖ്യമന്ത്രിയേയും കുറ്റപ്പെടുത്തിയിട്ടുണ്ട്. വമ്പൻമാർക്ക് മുന്നിൽ മാത്രമാണ് ചുവപ്പുനാടകൾ അഴിയപ്പെടുന്നതെന്നും സതീശൻ കുറ്റപ്പെടുത്തി.