പരിക്കേറ്റ സൈറ്റ് സൂപ്പർവൈസറും യൂണിയൻ നേതാവും ആശുപത്രിയിൽ
 സൂപ്പർവൈസർ കൈ സ്വയം ബോർഡിൽ ഇടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നെന്ന് ആരോപണം
മരട്: അടിപിടിയെ തുടർന്ന് കുമ്പളം നോർത്തിലെ വാട്ടർ മെട്രോ ജെട്ടി നിർമ്മാണം മുടങ്ങി. കൈ ഒടിഞ്ഞ സൈറ്റ് സൂപ്പർവൈസർ പത്തനംതിട്ട സ്വദേശി അഖിലേഷിനെ (28) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന്
കരാർ കമ്പനി പണിനിറുത്തിവയ്ക്കുകയായിരുന്നു. നിർമ്മാണ കമ്പനിയുടെ പരാതിയിൽ ഐ.എൻ.ടി.യു.സി നേതാവ് മധുവിനെതിരെ പനങ്ങാട് പൊലീസ് കേസെടുത്തു.
വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. കുമ്പളം നോർത്തിൽ മെട്രോ ജെട്ടിയുടെ നിർമ്മാണത്തിനൊപ്പം ജലസേചന വകുപ്പിന്റെ ജെട്ടി നിർമ്മാണവും നടക്കുന്നുണ്ട്. ജലസേചന വകുപ്പിന്റെ ജെട്ടി നിർമ്മാണത്തിന്റെ ഭാഗമായി നിരത്തിയിട്ട ആണിയുള്ള പലകകൾ മാറ്റുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അടിപിടിയിൽ കലാശിച്ചത്. തർക്കത്തിനിടെ മധു തല്ലിയതായി അഖിലേഷ് പറഞ്ഞു. ഇത് രണ്ടാംവട്ടമാണ് മധു അതിക്രമം കാട്ടിയതെന്ന് നിർമ്മാണ കമ്പനിക്കാർ പറഞ്ഞു.
എന്നാൽ, തൊഴിലാളികളുടെ സുരക്ഷയെ കരുതിയാണ് ആണിയുള്ള പലക മാറ്റിയിടാൻ ആവശ്യപ്പെട്ടതെന്നും പ്രകോപനമില്ലാതെ സൂപ്പർവൈസർ കൈ സ്വയം ബോർഡിൽ ഇടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നെന്നും മധു പറഞ്ഞു. മധുവും ആശുപത്രിയിലാണ്. സൂപ്പർവൈസർ ബോർഡിൽ സ്വയം ഇടിക്കുന്നതു കണ്ടതായി സി.ഐ.ടി.യു തൊഴിലാളികൾ പറഞ്ഞു.