ഫോർട്ടുകൊച്ചി: വസ്തു തരംമാറ്റാൻ സർക്കാർ ഓഫീസുകൾ കയറിയിറങ്ങിയിട്ടും കഴിയാത്തതിൽ മനംനൊന്ത് മത്സ്യത്തൊഴിലാളി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ ഫോർട്ടുകൊച്ചി ആർ.ഡി.ഒ ഓഫീസിനെതിരെ പ്രതിഷേധം കത്തുന്നു. ഏറെ മാസങ്ങളായി ഓഫീസിന്റെ പ്രവർത്തനം താളംതെറ്റിയിരിക്കുകയാണെന്ന് വ്യാപക ആക്ഷേപമുണ്ട്.
കെട്ടിട നികുതി, മുതിർന്ന പൗരന്മാരുടെ പരിപാലനമടക്കമുള്ള അപേക്ഷകൾ തുടങ്ങിയവ ഉൾപ്പെടെ ഫയലുകൾ ഓഫീസിൽ കെട്ടിക്കിടക്കുകയാണ്. ഫയൽ നീക്കത്തിലെ മെല്ലെപ്പോക്ക് പരാതിയെ തുടർന്ന് 2020 ആഗസ്റ്റ് മൂന്നിന് ആർ.ഡി.ഒ ഓഫീസിൽ കുട്ടസ്ഥലം മാറ്റംനടന്നിരുന്നു. 28 ജീവനക്കാരിൽ ഡെപ്യൂട്ടി തഹസിൽദാർ, ക്ലർക്ക്, ഡ്രൈവർ എന്നിവരൊഴിക്കെ 24 പേരെയാണ് സ്ഥലംമാറ്റിയത്.
കെട്ടിക്കിടക്കുന്ന 10,000ത്തോളം ഫയലുകളിൽ സെപ്തംബറിലെ മെഗാ അദാലത്തിലും പ്രശ്നപരിഹാരമുണ്ടായില്ല. മാസങ്ങൾ പിന്നിട്ടിട്ടും ഫയൽനീക്കത്തിൽ സാധാരണനില കൈവരിക്കാൻ അധികൃതർക്കാകുന്നില്ല. 2020 ആഗസ്റ്റിലെ ഫയലുകൾ തീർപ്പാക്കാൻ ഇനിയും മാസങ്ങൾ വേണ്ടിവരുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ജില്ലാ ഭരണകൂടത്തിന്റെ പ്രത്യേക ഇടപെടലിലൂടെ മാത്രമേ പ്രശ്നപരിഹാര സാദ്ധ്യതയുള്ളൂവെന്ന് സാമൂഹിക പ്രവർത്തകർ പറയുന്നു.