പള്ളുരുത്തി:കൊച്ചി ഫിഷറീസ് ഹാർബറിനെ ഘട്ടം ഘട്ടമായി സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിൽ നിന്ന് കൊച്ചി തുറമുഖ ട്രസ്റ്റ് പിന്മാറണമെന്ന് സി.പി.എം കൊച്ചി ഏരിയാസെക്രട്ടറി കെ.എം. റിയാദ് ആവശ്യപ്പെട്ടു. നിലവിൽ ഹാർബറിലെ ടോൾ പിരിവ് മുംബയിലുള്ള സ്വകാര്യകമ്പനിക്ക് നൽകാൻ കൊച്ചി തുറമുഖ ട്രസ്റ്റ് തിരുമാനിച്ചതായാണ് ഹാർബറിലെ കച്ചവടക്കാരും തൊഴിലാളികളും അറിഞ്ഞത്. ഹാർബറിലെ പോർട്ട് അധികൃതർ ഉൾപ്പെട്ട കമ്മിറ്റിയിൽപ്പോലും അറിയിക്കാതെ രഹസ്യമായി നടത്തുന്ന നീക്കം അപലപനീയമാണ്. എന്നാൽ സാമ്പത്തിക ലാഭത്തിനായി ചെയ്യുന്നതാണെന്ന തുറമുഖ അധികൃ തരുടെ വാദം അംഗീകരിക്കാനാവില്ല. ചെല്ലാനം മുതൽ മട്ടാഞ്ചേരി വരെയുള്ള പ്രദേശത്തെ പ്രധാന തൊഴിലിടമാണ്.
ആയിരക്കണക്കിന് തൊഴിലാളികൾ തൊഴിൽ എടുത്തിരുന്ന കൊച്ചി തുറമുഖം ഇന്ന് ശ്മശാന ഭൂമിയാണ്. കേന്ദ്രസർക്കാരിന്റെ തെറ്റായ നയത്തിന്റെ നേർക്കാഴ്ചയാണ്.ഇത്തരത്തിലേക്ക് ഹാർബറിനെ എത്തിക്കാൻ അനുവദിക്കില്ല. സംസ്ഥാന സർക്കാരിന്റെ കീഴിൽ അല്ലാത്ത കേരളത്തിലെ ഏക ഹാർബറാണ് ഇത്. നിലവിലെ സാഹചര്യത്തിൽ ഹാർബർ നടത്തി കൊണ്ടുപോകാൻ തുറമുഖ ട്രസ്റ്റിന് താത്പര്യമില്ലെങ്കിൽ സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.