ഫോർട്ട്കൊച്ചി: ആർ.ഡി.ഒ ഓഫീസിലെ അഴിമതിക്കാരായ ജീവക്കാർക്കെതിരെ കർശന നടപടിയെടുക്കാൻ റവന്യൂ മന്ത്രി തയ്യാറാവണമെന്ന് മുൻ മേയർ ടോണി ചമ്മണി ആവശ്യപ്പെട്ടു. ആരോപണങ്ങൾ ഉയരുമ്പോൾ മാത്രം ലഘുവായ നടപടികൾ സ്വീകരിച്ചു ജീവനക്കാരെ സംരക്ഷിക്കുന്ന രാഷ്ട്രീയപ്രേരിതമായ നിലപാടാണ് സർക്കാരിനുള്ളത്.
ഇതാണ് ആർ.ഡി.ഒ ഓഫീസിൽ അഴിമതി തഴച്ചുവളർന്നതിനു കാരണം. ഇടനിലക്കാരാണ് അവിടെ ഭൂമി തരംമാറ്റൽ ഉൾപ്പെടെയുള്ള കാര്യങ്ങൾ നിയന്ത്രിക്കുന്നത്. ഉദ്യോഗസ്ഥരും ഇടനിലക്കാരും അടങ്ങുന്ന ലോബി പുറത്തുവച്ച് തുക ഫിക്സ് ചെയ്താണ് ഫയലുകൾ നീക്കുന്നത്. ഇതിനെതിരെ പരാതികൾ കൊടുത്തിട്ടും ഭരണകക്ഷിയുടെ സംരക്ഷണം ഇവർക്ക് ഉള്ളതിനാൽ നടപടി ഉണ്ടാവാറില്ലെന്നും അദ്ദേഹം പറഞ്ഞു.