satheeshan

കൊച്ചി: കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ നിയമനത്തിൽ ലോകായുക്തയുടെ വിധിയോട് യോജിപ്പില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. മന്ത്രി അയച്ച കത്ത് നിർദ്ദേശമോ ശുപാർശയോ ആയി പരിഗണിക്കേണ്ടെന്ന് ലോകായുക്ത പറഞ്ഞത് ഉചിമല്ലെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

മന്ത്രി ഗവർണർക്ക് കത്തയച്ചത് അഴിമതിയാണോ എന്നായിരിക്കും ലോകായുക്ത പരിശോധിച്ചിരിക്കുക. അഴിമതി ഇല്ലെന്ന് കണ്ടെത്തുന്നതിൽ വിരോധമില്ല. പക്ഷേ മന്ത്രിക്ക് എങ്ങനെ ക്ലീൻചിറ്റ് കൊടുക്കാനാകും? കണ്ണൂർ സർവകലാശാല നിയമത്തിലെ പത്താംവകുപ്പിൽ വി.സി നിയമനത്തിന് സേർച്ച് കമ്മിറ്റി വേണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. 60 വയസിൽ കൂടുതൽ പ്രായമുള്ളയാളെ വി.സിയാക്കരുതെന്നും നിയമത്തിലുണ്ട്. പ്രോ ചാൻസലറായ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി സർവകലാശാല നിയമത്തിലെ പത്താംവകുപ്പ് ലംഘിച്ചാണ് ഗവർണർക്ക് കത്തെഴുതിയത്. സേർച്ച് കമ്മിറ്റി പിരിച്ചുവിടണമെന്ന് മന്ത്രി ആവശ്യപ്പെട്ടത് നിയമവിധേയമല്ല. 60വയസുകഴിഞ്ഞ വി.സിക്ക് പുനർനിയമനം നൽകണമെന്നും രണ്ടാമത്തെ കത്തിൽ മന്ത്രി ആവശ്യപ്പെട്ടു. മന്ത്രി എഴുതിയ രണ്ട് കത്തുകളും നിയമവിരുദ്ധമല്ലെങ്കിൽ മറ്റെന്താണെന്നുകൂടി ലോകായുക്ത പറയണം. ലോകായുക്ത വിധിക്ക് എതിരായി അപ്പീൽ പോകണം.

വി.സി പുനർനിയമനത്തിൽ മന്ത്രി കത്തെഴുതിയാൽ സ്വീകരിക്കേണ്ട ബാദ്ധ്യത ചാൻസലറായ ഗവർണർക്കില്ല. ഗവർണർ ചെയ്തതും നിയമവിരുദ്ധമായ കാര്യമാണ്. മന്ത്രിയും ചാൻസലറും ഒരു പോലെ തെറ്റുചെയ്തു. പ്രതിപക്ഷത്തെ എല്ലാവരുമായി ആലോചിച്ചാണ് രമേശ് ചെന്നിത്തല കേസ് കൊടുത്തത്. അദ്ദേഹത്തെ ഒറ്റപ്പെടുത്താൻ അനുവദിക്കില്ലെന്ന് സതീശൻ പറഞ്ഞു.