1
തീരത്തടിഞ്ഞ ഡോൾഫിൻ

ഫോർട്ടുകൊച്ചി: ബോട്ടിന്റെ പ്രൊപ്പല്ലർ തട്ടിമുറിവേറ്റ് തീരത്തെത്തിയ ഡോൾഫിനെ തിരികെ കടലമ്മയ്ക്ക് നൽകി നാട്ടുകാർ. വെള്ളിയാഴ്‌ച പുലർച്ചെ രണ്ടുമണിയോടെയാണ് ആറരയടിയോളം നീളമുള്ള ഡോൾഫിൻ മൂലങ്കുഴി ബീച്ചിൽ തീരമണഞ്ഞത്. നായകളുടെ കുരകേട്ട് സ്ഥലത്തെത്തിയ സമീപത്തെ യുവാക്കൾ ഒരു വഞ്ചിയിൽ കയറ്റി ഡോൾഫിനെ കടലിൽ കൊണ്ടുപോയി വിട്ടെങ്കിലും അല്പം കഴിഞ്ഞ ഡോൾഫിൻ വീണ്ടും തീരത്തെത്തി.

രാവിലെ കടപ്പുറത്ത് പ്രഭാതസവാരിക്കെത്തിയ സാമൂഹ്യപ്രവർത്തകൻ എ. ജലാലും സുഹൃത്തും നാലുതവണ ഡോൾഫിനുമായി നീന്തി കരയിൽ നിന്ന് ഒരു കിലോമീറ്റർ ദൂരെ കടലിൽ കൊണ്ട് പോയിവിട്ടെങ്കിലും ഫലമുണ്ടായില്ല.

വീണ്ടും തിരിച്ചുവന്ന ഡോൾഫിനെ പിന്നീട് വിൽഫ്രഡ് മാനുവൽ എന്നയാൾ ഏതാണ്ട് രണ്ടര കിലോമീറ്റർ ദൂരത്തിനപ്പുറം കടലിൽ കൊണ്ടു പോയി വിട്ടു. പിന്നീട്,​ ഡോൾഫിൻ തിരിച്ചുവന്നില്ല.