തൃക്കാക്കര: മലപ്പുറം സ്വദേശിയായ വ്യവസായിയുടെ 38ലക്ഷംരൂപ ഹണിട്രാപ്പ് നടത്തി തട്ടിയെടുത്ത കേസിൽ യുവതിയെ തൃക്കാക്കര പൊലീസ് അറസ്റ്റുചെയ്തു. കാക്കനാട്ടെ ഫ്ളാറ്റിലെ താമസക്കാരിയായ ഇടുക്കി കുറുംതോട്ടത്തിൽ വീട്ടിൽ ഷിജിമോളാണ് (അഞ്ജു 34) പിടിയിലായത്.
പൊലീസ് പറയുന്നത്: സുഹൃത്തുവഴിയാണ് തട്ടിപ്പിനിരയായ പരാതിക്കാരൻ ഷിജിമോളെ പരിചയപ്പെടുന്നത്. കാക്കനാട് ഓലിമുകൾ പള്ളിക്ക് സമീപത്തെ യുവതി താമസിക്കുന്ന ഫ്‌ളാറ്റിൽവച്ച് കോളയിൽ മയക്കുമരുന്ന് നൽകി അബോധാവസ്ഥയിലാക്കിയശേഷം നഗ്നചിത്രങ്ങളും വീഡിയോയും എടുത്തു. തുടർന്ന് യുവതിയുമൊത്തുള്ള സംഭാഷണങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 2021 സെപ്തംബർ ആദ്യവാരം മുതൽ 2022 ഫെബ്രുവരി 3 വരെയുളള കാലയളവിൽ രണ്ട് ബാങ്ക് അക്കൗണ്ടുകളിലേക്കും നേരിട്ടുവാങ്ങിയ ആറുലക്ഷവുമുൾപ്പെടെ 38,02,000 രൂപ തട്ടിയെടുത്തു. ഫ്‌ളാറ്റിൽ നടത്തിയ പരിശോധനയിൽ മെമ്മറി കാർഡുകൾ, പെൻഡ്രൈവ് മുതലായവ പിടിച്ചെടുത്തു. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടേയെന്ന് അന്വേഷിക്കുന്നുണ്ട്.
തൃക്കാക്കര സി.ഐ ആർ. ഷാബു, എസ്.ഐമാരായ വിഷ്ണു, റോയ്.കെ പൊന്നൂസ്, അനീഷ്, പൊലീസുകാരായ ഷബ്‌ന, ജയശ്രീ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. ഇന്ന് കോടതിയിൽ ഹാജരാക്കും.