case
അറസ്റ്റിലായ പ്രതികൾ, പിടികൂടിയ കഞ്ചാവ് സമീപം

കൊച്ചി: കോട്ടയം ലക്ഷ്യമിട്ട് ആന്ധ്രയിൽനിന്ന് കടത്തിക്കൊണ്ടുവന്ന 200 കിലോ കഞ്ചാവ് ലോഡ് പിന്തുടർന്ന് പിടികൂടി എക്‌സൈസ് ഇന്റലിജൻസ്. രഹസ്യവിവരത്തെ തുടർന്ന് പാലക്കാട് കൊഴിഞ്ഞാമ്പാറിയിൽ തമ്പടിച്ച എക്‌സൈസ് സംഘത്തെ കബളിപ്പിച്ച് തമിഴ്‌നാട്ടിലേക്കുകടന്ന സംഘത്തെ രണ്ട് ദിവസത്തെ ഓപ്പറേഷനൊടുവിൽ തിരുപ്പുരിൽനിന്ന് പിടികൂടുകയായിരുന്നു. തൊടുപുഴ കാഞ്ഞിരമുറ്റം തീയന്നൂർ വീട്ടിൽ ശിവറാം(വിഷ്ണു- 29), പാലാ മുന്നാഞ്ഞി തറക്കുന്നൽ വീട്ടിൽ ജോബി ജോസഫ് (45- മത്തായി) എന്നിവരാണ് അറസ്റ്റിലായത്. കൂട്ടുപ്രതികളായ തൊടുപുഴ സ്വദേശി ജിജോ, കോട്ടയം അതിരമ്പുഴ സ്വദേശി നിഖിൽ എന്നിവർക്കായി എക്‌സൈസും തമിഴ്‌നാട് പൊലീസും അന്വേഷണം ആരംഭിച്ചു. ഇവർക്ക് സാമ്പത്തികസഹായം നൽകിയവരെയും തെരയുന്നുണ്ട്. അറസ്റ്റിലായവരെ തിരുപ്പൂർ വേലമ്പാളം പൊലീസിന് കൈമാറി. ലോറി തമിഴ്നാട് പൊലീസ് പിടിച്ചെടുത്തു.

90 പാക്കറ്റുകളിലായാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. രണ്ടുകോടി രൂപ വിലമതിക്കും. തൃശൂർ എക്‌സൈസ് ഇന്റലിജൻസ് വിഭാഗവും എക്‌സൈസ് കമ്മിഷണറുടെ ഉത്തരമേഖലാ സ്‌ക്വാഡും സംയുക്തമായി നടത്തിയ നീക്കമാണ് കോട്ടയം ഇടപാട് പൊളിച്ചത്. തമിഴ്‌നാട്ടിലേക്ക് കടന്ന പ്രതികൾക്ക് പിന്നാലെ എക്‌സൈസും പിന്തുർന്നെങ്കിലും ആദ്യം കണ്ടെത്താനായില്ല. പിന്നീട് നടത്തിയ അന്വേഷണത്തിൽ തിരുപ്പൂരിലെ പ്രതികളുടെ സുഹൃത്തിന്റെ അടുപ്പക്കാരന്റെ വീട്ടിൽ ഒളിവിൽ കഴിയുകയാണെന്ന് വിവരം ലഭിച്ചു. തിരുപ്പൂർ എസ്.പിയെ വിവരമറിയിച്ച് സ്ഥലത്തെത്തി പ്രതികളെ കീഴ്പ്പെടുത്തുകയായിരുന്നു. എക്സൈസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ ബലം പ്രയോഗിച്ചാണ് അറസ്റ്റുചെയ്തത്. പച്ചക്കറിയെടുക്കാൻ എത്തിയതാണെന്നും ലോഡ് ആയില്ലെന്നുമാണ് സുഹൃത്തിന്റെ കൂട്ടുകാരനോട് പ്രതികൾ പറഞ്ഞത്. തൃശൂർ എക്‌സൈസ് ഇന്റലിജന്റ്സ് വിഭാഗം ഇൻസ്‌പെക്ടർ എസ്. മനോജ്കുമാർ, എക്‌സൈസ് കമ്മിഷണർ സ്‌ക്വാഡ് അംഗങ്ങളായ എക്‌സൈസ് ഇൻസ്‌പെക്ടർ അശ്വിൻകുമാർ.കെ, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ടി. ഷിജുമോൻ, ഷിബു കെ.എസ്, പ്രിവന്റീവ് ഓഫീസർമാരായ ലോനപ്പൻ.കെ.ജെ, സുനിൽകുമാർ പി.കെ, സിവിൽ എക്‌സൈസ് ഓഫീസർമാരായ അഖിൽദാസ്, ഷംനാസ് സി.ടി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.