കൊച്ചി: ഇടപ്പള്ളി-വൈറ്റില ബൈപ്പാസിൽ ചക്കരപ്പറമ്പിൽ ഓടിക്കൊണ്ടിരുന്ന ടാങ്കർ ലോറിയിൽ നിന്ന് പെട്രോൾ ചോർന്നത് പ്രദേശത്ത് മണിക്കൂറുകളോളം ആശങ്ക സൃഷ്‌ടിച്ചു. നീണ്ട പരിശ്രമത്തിനൊടുവിൽ മറ്റൊരു ടാങ്കറിലേക്ക് പെട്രോൾ മാറ്റിയാണ് അപകടം ഒഴിവാക്കിയത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. പെട്രോളുമായി മലപ്പുറത്തേക്ക് പോകുകയായിരുന്ന ടാങ്കറിന്റെ അടിഭാഗത്തായിരുന്നു ചോർച്ച.
പെട്രോൾ ചോരുന്നത് ശ്രദ്ധയിപ്പെട്ട യാത്രക്കാർ ഡ്രൈവറെ വിവരമറിയിക്കുകയായിരുന്നു. വാഹനം പാതയോരത്ത് നിറുത്തി ചോർച്ചടയടക്കാൻ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. തുടർന്ന് ഗാന്ധിനഗറിൽ നിന്ന് ഫയർഫോഴ്‌സ് സ്ഥലത്തെത്തി ടാറിന് പരിസരത്ത് തീപിടിക്കാതിരിക്കാൻ ആദ്യം ഫോം സ്‌പ്രേ ചെയ്തു. തുടർന്ന് മറ്റൊരു ടാങ്കർ എത്തിച്ച് പെട്രോൾ അതിലേക്ക് മാറ്റി. ഇതേസമയം, ബൈപ്പാസിൽ വൈകിട്ടുമുതൽ ഗതാഗതം ഒരുവശത്തുകൂടി മാത്രമാക്കിയിരുന്നു. അതോടെ ഗതാഗതക്കുരുക്കുമുണ്ടായി. ഫയർഫോഴ്‌സ് ജില്ലാ ഓഫീസർ എ.എസ്. ജോജി, സ്റ്റേഷൻ ഓഫീസർ ടി.ബി. രാമകൃഷ്ണൻ, അസി.സ്റ്റേഷൻ ഓഫീസർ സുനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.