കൊച്ചി: കാളമുക്ക് ഹാർബറിന് സമീപത്തെ റോഡരികിൽ പോത്തിന്റെ ജഡം കണ്ടെത്തി. കൂട്ടം തെറ്റിയെത്തിയ പോത്ത് വാഹനം ഇടിച്ച് കൊല്ലപ്പെട്ടതാകുമെന്ന നിഗമനത്തിലാണ് പൊലീസ്. ഇത് അന്വേഷിച്ച് വരികയാണ്. ഇന്ന് പുലർച്ചെ ഇതുവഴി പോയവരാണ് പോത്തിന്റെ ജഡം കണ്ടത്.
ഉടൻ പൊലീസിനെയും ബന്ധപ്പെട്ടവരെയും അറിയിക്കുകയായിരുന്നു. എൽ.എൻ.ജി ടെർമിനലിന്റെ ഭാഗത്ത് നിരവധി കന്നുകാലികൾ റോഡിൽ അലഞ്ഞു തിരിയുന്നത് പതിവാണ്. സമീപവാസികളായ ക്ഷീരകർഷകർ കൂട്ടത്തോടെ പോത്തുകളെയും പശുക്കളെയും മേയാൻ വിടാറുമുണ്ട്. ഇവിടെ നിന്ന് കൂട്ടം തെറ്റി സംസ്ഥാനപാതയിൽ എത്തിയതാകുമെന്നാണ് കരുതുന്നത്. പോത്തിന്റെ തലയ്ക്കും ദേഹത്തും പരിക്കുകളുണ്ട്. വിവരം എളങ്കുന്നപ്പുഴ പഞ്ചായത്തിന് കൈമാറിയിട്ടുണ്ടെന്ന് മുളവുകാട് പൊലീസ് പറഞ്ഞു. റോഡരികിൽ നിന്ന് പോത്തിന്റെ ജഡം ഉച്ചയോടെ നീക്കി.