pic
ഇടുക്കി കെയർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നിർമ്മിച്ച വിന്റെ താക്കോൽട് ഡീൻ കുര്യാക്കോസ് എം.പി ഉണ്ണിമായക്കും കുടുംബത്തിനും കൈമാറുന്നു

കോട്ടപ്പടി: ഉണ്ണിമായക്കും കുടുംബത്തിനും ഇനി സ്വസ്ഥമായിട്ട് ഉറങ്ങാം. ഇടുക്കി കെയർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നിർമ്മിച്ച വീട് ഡീൻ കുര്യാക്കോസ് എം.പി കൈമാറി. കോട്ടപ്പടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാലുമാസം കൊണ്ടാണ് വീടിന്റെ നിർമാണപ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്. കോൺഗ്രസ് പ്രവർത്തകനായ പരേതനായ കുമാരന്റെ വീട്ടിൽ ഓൺലൈൻ വിദ്യാഭ്യാസത്തിന് ആവശ്യമായിട്ടുള്ള ടിവി കൈമാറുന്നതിന് എത്തിയപ്പോഴാണ് വീടിന്റെ ശോചനീയാവസ്ഥ എം.പി മനസ്സിലാക്കിയത്. വീട് നിർമ്മിച്ചു നൽകാമെന്ന് ഉറപ്പ് നൽകിയാണ് അന്ന് മടങ്ങിയത്. നിലവിൽ താമസിച്ചിരുന്ന സ്ഥലവുമായി ബന്ധപ്പെട്ട ചില തർക്കങ്ങൾ പരിഹരിച്ചതിന് ശേഷമാണ് വീടിന് തറക്കല്ലിട്ടത്. വീടിരിക്കുന്ന സ്ഥലത്തിന്റെ തർക്കങ്ങൾ പരിഹരിക്കാൻ കാലതാമസം വന്നപ്പോൾ എം.പി വീട് നിർമ്മിച്ചു നൽകാമെന്ന് പറഞ്ഞുപറ്റിച്ചെന്ന തരത്തിൽ വ്യാജവാർത്തയും പരന്നിരുന്നു. അത്തരക്കാർക്കുള്ള മറുപടി കൂടിയാണ് ഉണ്ണിമായക്കുള്ള വീടെന്ന് എം.പി പറഞ്ഞു.

നിർമ്മാണ കമ്മിറ്റി ചെയർമാൻ എം.കെ. വേണു, കോട്ടപ്പടി മണ്ഡലം കമ്മിറ്റി പ്രസിഡന്റ്‌ കെ.കെ. സുരേഷ്, കെ.പി.സി.സി നിർവാക സമിതി അംഗം പി പി ഉതുപ്പാൻ, ഡിസിസി ജനറൽ സെക്രട്ടറി അബു മൊയ്‌ദീൻ, കോണ്ഗ്രസ് ബ്ലോക്ക്‌ പ്രസിഡന്റ്‌ എം.എസ്. എൽദോസ്, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.എ.എം ബഷീർ, യു.ഡി.എഫ് ജില്ലാ കൺവീനർ ഷെവ. ഷിബു തെക്കുംപുറം, ബ്ലോക്ക്‌ ജനറൽ സെക്രട്ടറി ബെന്നി പോൾ, കെ.കെ. സജീവൻ, അനൂപ് കാസിം, വാർഡ് മെമ്പർ ഷൈമോൾ ബേബി, ലിജോ ജോണി, ജെറിൻ ബേബി, വാഹിദ് പാനിപ്ര എന്നിവർ സന്നിഹിതരായിരുന്നു.