
കൊച്ചി: നയതന്ത്ര സ്വർണക്കടത്തിലെ അറിയാക്കഥകൾ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകളായി പുറത്തുവന്നതോടെ ഒരിടവേളയ്ക്ക് ശേഷം സർക്കാരും കേന്ദ്ര ഏജൻസികളും വീണ്ടും ഏറ്റുമുട്ടലിലേക്ക്.
ഇ.ഡി
ജയിലിൽ നിന്ന് തന്റേതായി പുറത്തുവന്ന ശബ്ദരേഖ മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന സ്വപ്‌നയുടെ തുറന്നുപറച്ചിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പ്രത്യേകം അന്വേഷിക്കും. കേന്ദ്ര ഏജൻസികൾക്കെതിരെ ജുഡിഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് സർക്കാർ നൽകിയ അപ്പീലിൽ ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കും. സംസ്ഥാന സ്‌പെഷ്യൽ ബ്രാഞ്ചിലെ ഉദ്യോഗസ്ഥനാണ് ഫോൺവിളി ഓപ്പറേഷനു നേതൃത്വം നൽകിയതെന്ന ഇ.ഡിയുടെ കണ്ടെത്തൽ ശരിവയ്ക്കുന്നതാണ് വെളിപ്പെടുത്തൽ. ശബ്ദരേഖ ചോർച്ചയിൽ ഇ.ഡി അന്വേഷണം ആവശ്യപ്പെട്ടെങ്കിലും നടപടി ഇഴയുകയാണ്.
കസ്റ്റംസ്
സ്വർണക്കടത്തിൽ കൂടുതൽ പ്രതികളുണ്ടെന്ന സംശയം ബലപ്പെട്ടതോടെ കസ്റ്റംസും കച്ചമുറുക്കുകയാണ്. കോൺസുലേറ്റിലെ കാര്യങ്ങളെല്ലാം ശിവശങ്കറിന് അറിയാമായിരുന്നു എന്ന സ്വപ്നയുടെ വെളിപ്പെടുത്തലാണ് ഇതിന് അടിസ്ഥാനം. ബാഗേജ് കസ്റ്റംസ് തടഞ്ഞുവച്ചപ്പോൾ ശിവശങ്കറിനെ വിളിച്ചതിലേക്കും അന്വേഷണം നീളും.
എൻ.ഐ.എ
ശിവശങ്കറിന്റെ ഇടപെടലുകളാണ് എൻ.ഐ.എ അന്വേഷിക്കുക. ഈ കേസിലേക്ക് ദേശീയ അന്വേഷണ ഏജൻസിയെ കൊണ്ടുവന്നത് ശിവശങ്കറിന്റെ തന്ത്രമായിരുന്നുവെന്നാണ് സ്വപ്നയുടെ വെളിപ്പെടുത്തൽ. ഇക്കാര്യത്തിൽ ശിവശങ്കറിന് കൂട്ടുനിന്നവരെ എൻ.ഐ.എ ചോദ്യം ചെയ്യാൻ സാദ്ധ്യതയുണ്ട്.
കമ്മിഷനെ ബാധിക്കും
സ്വപ്നയുടെ വെളിപ്പെടുത്തലോടെ ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ നിയോഗിച്ച ജുഡിഷ്യൽ കമ്മിഷന്റെ ഭാവി തുലാസിലായി. കമ്മിഷൻ തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ഇ.ഡിക്കെതിരേ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത് ഹൈക്കോടതി നേരത്തേ റദ്ദാക്കിയിരുന്നു.