padaseharam
നെടുമ്പാശേരി ഗ്രാമപഞ്ചായത്തിൽ നികത്തുന്ന ഒരു പാടം

#സി.പി.എമ്മും സി.പി.ഐയും പ്രതിഷേധവുമായി രംഗത്ത്

നെടുമ്പാശേരി: നെടുമ്പാശേരി ഗ്രാമപഞ്ചായത്തിൽ റവന്യൂവകുപ്പ് ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെ അനധികൃതമായി പാടശേഖരം നികത്തലെന്ന് ആക്ഷേപവുമായി സി.പി.ഐ രംഗത്തെത്തി. പഞ്ചായത്തിലെ ആവണംകോട്, തുരുത്തിശേരി, മള്ളുശേരി, അത്താണി, കൈതപ്പാടം എന്നിവിടങ്ങളിലാണ് വ്യാപകമായി പാടം നികത്തുന്നതെന്ന് സി.പി.ഐ ലോക്കൽ കമ്മിറ്റി ആരോപിച്ചു.

സി.പി.എമ്മും കഴിഞ്ഞദിവസം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. നിരവധി അനധികൃത മണ്ണ് സംഭരണ കേന്ദ്രങ്ങളും പഞ്ചായത്തിൽ പ്രവർത്തിക്കുന്നു. പകൽ സമയങ്ങളിൽ ഇവിടെയെത്തിക്കുന്ന മണ്ണ് ഉപയോഗിച്ച് രാത്രി പാടം നികത്തുകയാണ്. ഗുണ്ടാസംഘത്തിന്റെ സംരക്ഷണയിലാണ് നികത്തൽ. ചില റവന്യു ഉദ്യോഗസ്ഥരുടേയും പഞ്ചായത്ത് ഭരണസമിതിയുടേയും ചില രാഷ്ട്രീയ നേതാക്കളുടേയും അറിവോടെയാണ് ഇതെല്ലാം നടക്കുന്നതെന്ന് സി.പി.ഐ ആരോപിച്ചു.

കുറഞ്ഞ വിലയ്ക്ക് പാടശേഖരം വാങ്ങുന്ന ഭൂമാഫിയ ഇത് നികത്തുന്നതിന് ഗുണ്ടാസംഘങ്ങൾക്ക് 'ക്വട്ടേഷൻ ' കൊടുക്കുകയാണ്. പാടം നികത്തിയശേഷം തെങ്ങിൻതൈകളും വാഴയുംമറ്റും നടും. പരാതിയുണ്ടായാൽ വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമ്മോ നൽകുമെങ്കിലും ഇത് കാര്യമാക്കാതെ നികത്തൽ തുടരും. വലിയ വിലകൊടുത്ത് ഇത്തരം സ്ഥലങ്ങൾ വാങ്ങിയവരിൽ അന്യസംസ്ഥാനക്കാരുമുണ്ട്. പാടം നികത്തുന്നതിനെതിരെ പരാതി നൽകുകയോ തടയാനോ ശ്രമിച്ചാൽ ഗുണ്ടാസംഘങ്ങൾ ഭീഷണിപ്പെടുത്തും. കൊലപാതകക്കേസുകളിലെ പ്രതികൾവരെ ഭൂമാഫിയാ സംഘത്തോടൊപ്പമുണ്ട്..

നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിന്റെ നഗ്നമായ ലംഘനമാണ് നെടുമ്പാശേരിയിൽ നടക്കുന്നത്. കൃഷി മന്ത്രിക്കും ജില്ലാ കളക്ടർക്കും പരാതി നൽകിയിട്ടുണ്ടെന്നും ഭൂമാഫിയക്കെതിരെയും ഇവരെ സഹായിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടിയെടുക്കണമെന്നും സി.പി.ഐ മണ്ഡലം സെക്രട്ടേറിയറ്റ് മെമ്പർ വി. സൈതുമുഹമ്മദും ലോക്കൽ സെക്രട്ടറി ബി. രാധാകൃഷ്ണപിള്ളയും ആവശ്യപ്പെട്ടു.