അങ്കമാലി: അങ്കമാലി നിയോജകമണ്ഡലത്തിൽ മോർച്ചറി സൗകര്യമുള്ള ഏകസർക്കാർ ആശുപത്രിയാണ് അങ്കമാലി താലൂക്ക് ആശുപത്രി. ഇവിടെ മോർച്ചറിയോട് ചേർന്നുള്ള ഫ്രീസർ യൂണിറ്റ് രണ്ട് മാസത്തിലേറെയായി പ്രവർത്തിക്കുന്നില്ല. അതിനാൽ മൃതദേഹങ്ങൾ സ്വകാര്യ ആശുപത്രികളിലെ ഫ്രീസറിൽ കൊണ്ടുപോയി സൂക്ഷിക്കേണ്ട ഗതികേടിലാണ് ഇവിടെയെത്തുന്നവർ. ഇത് സാധാരണക്കാരാർക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കുന്നു. താലൂക്ക് ആശുപത്രിമോർച്ചറിയിൽ സൗജന്യമായി സൂക്ഷിക്കാമെന്നിരിക്കെയാണ് ഈ ഗതികേട്.
2017ൽ സ്വകാര്യ വ്യവസായ സ്ഥാപനമാണ് താലൂക്ക് ആശുപത്രിക്ക് രണ്ട് ഫ്രീസർ യൂണിറ്റുകൾ സംഭാവനയായി നൽകിയത്. ഇത് സാധാരണക്കാർക്ക് ഏറെ പ്രയോജനകരവുമായിരുന്നു. എന്നാൽ പിന്നീട് ഫ്രീസറുകൾ
പ്രവർത്തനരഹിതമായി. കൊവിഡ് മരണങ്ങൾ കൂടിയിട്ടും ഇത് പ്രവർത്തനക്ഷമമാക്കാൻ ബന്ധപ്പെട്ടവർ പരിശ്രമിക്കുന്നില്ല.
സ്‌പോൺസർ ചെയ്ത കമ്പനിയാണ് ഫ്രീസറിന്റെ തകരാർ പരിഹരിച്ച് നൽകേണ്ടതെന്നും ഇക്കാര്യം അവരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും നഗരസഭാ ചെയർമാൻ റെജി മാത്യു അറിയിച്ചു. അടിയന്തര
ആവശ്യം കണക്കിലെടുത്ത് ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റി ഫണ്ട് ഉപയോഗിച്ച് എത്രയും വേഗം നടപടി സ്വീകരിക്കുമെന്ന് ചെയർമാനും ആശുപത്രി സൂപ്രണ്ട് ഡോ. നസീമ നജീബും
പറഞ്ഞു.