കൊച്ചി : ചേരാനല്ലൂർ ഗ്രാമപഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തിന്റെ കാര്യത്തിൽ പരിഹാരമുണ്ടാക്കാത്തതിൽ പ്രതിഷേധിച്ച്
ടി.ജെ. വിനോദ് എം.എൽ.എയുടെ നേതൃത്വത്തിൽ വാട്ടർ അതോറിട്ടി സുപ്രണ്ടിംഗ് എൻജിനീയറെ ഉപരോധിച്ചു. വാട്ടർ അതോറിറ്റി ഓഫീസിൽ നടന്ന ഉപരോധത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേഷും വാർഡ് അംഗങ്ങളും പങ്കെടുത്തു. കഴിഞ്ഞ മാസം തന്റെ സാന്നിദ്ധ്യത്തിൽ നടന്ന യോഗത്തിൽ ജലഅതോറിട്ടി അധികൃതർ നൽകിയ ഉറപ്പുകൾ പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് വീണ്ടും സമരത്തിന് നിർബന്ധിതരായെന്ന് എം.എൽ. എ പറഞ്ഞു. ഷിമ്മി ഫ്രാൻസിസ്, ഷീബ കെ.പി, ആരിഫ മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിൽ എത്തിയ സംഘം ഓഫീസ് ഗേറ്റ് അടച്ചു പൂട്ടി ജീവനക്കാരെ ഉപരോധിക്കുകയായിരുന്നു.
തുടർന്നു നടന്ന ചർച്ചയിൽ ജലജീവൻമിഷനിൽ ഉൾപ്പെടുത്തി പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രവൃത്തികൾ ഉടൻ പൂർത്തിയാക്കുമെന്നും വടുതല പമ്പ് ഹൗസിൽ നിന്ന് ചേരാനലൂർ പഞ്ചായത്തിൽ ഉൾപ്പെട്ട ചിറ്റൂർ പ്രദേശത്തേക്ക് ആവശ്യമായ ജലം നൽകുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കാമെന്നും സുപ്രണ്ടിംഗ് എൻജിനീയർ ഉറപ്പുനൽകി.