vaduthala

കൊച്ചി: വടുതലയി​ലെ കായലിനു കുറുകെ തീർത്ത ബണ്ടിനു സമീപത്തടിഞ്ഞ ചെളി ഡ്രഡ്ജ് ചെയ്ത് നീക്കാൻ തങ്ങൾക്കാകില്ലെന്ന കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ വാദങ്ങൾ പൊളിയുന്നു. കുഴിച്ചെടുത്ത എക്കൽ, ചെളി എന്നിവയിൽ നിന്ന് മണൽ വിറ്റ് തുറമുഖം 2021ഏപ്രിൽ- ഡിസംബർ കാലയളവിൽ 12കോടി രൂപ നേടിയെന്ന റിപ്പോർട്ട് പുറത്തുവന്നതോടെയാണിത്.

വടുതലയിലെ ചെളിയും എക്കലും ഡ്രഡ്ജ് ചെയ്യാൻ സംസ്ഥാന സർക്കാർ പോർട്ട് ട്രസ്റ്റിനെ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ, കപ്പൽച്ചാൽ ഡ്രഡ്ജ് ചെയ്യാനുള്ള സാങ്കേതികവിദ്യയും അതിനാവശ്യമായ സാധനസാമഗ്രികളും മാത്രമാണുള്ളത്,​ ആഴം കുറഞ്ഞ വടുതലയിൽ ഡ്രഡ്ജിംഗ് സാദ്ധ്യമല്ല,​ ചെലവ് താങ്ങാനാകില്ല തുടങ്ങിയ വാദങ്ങൾ ഉയർത്തി പോർട്ട് ഇതിനെതിരെ രംഗത്തുവന്നു. കോടതിയെയും അവർ ഇക്കാര്യമറിയിച്ചു.

ഡ്രഡ്ജിംഗ് കരാർ നൽകുകയാണ് പോർട്ട് ചെയ്യുന്നത്. ആഴത്തിലുള്ള ഡ്രഡ്ജിംഗ്, ആഴം കുറഞ്ഞ ഡ്രഡ്ജിംഗ് എന്നി​വ ടെൻഡറിനു ശേഷം മാത്രം പരിഗണിക്കുന്നവയാണ്. ഇവിടെ പ്രാഥമിക നടപടികൾക്ക് പോലും സാദ്ധ്യതയില്ലെന്നായിരുന്നു പോർട്ടിന്റെ നിലപാട്.

കൊച്ചി തുറമുഖത്തിന്റെ വാർഷിക റിപ്പോർട്ടിൽ നിന്ന് ഓരോ വർഷവും 22 ദശലക്ഷം ക്യുബിക് അടി സാമഗ്രികൾ ഡ്രഡ്ജിംഗിലൂടെ വേർതിരിച്ചെടുക്കുന്നുണ്ടെന്ന് വ്യക്തമാണ്. 12 പ്രധാന തുറമുഖങ്ങൾ എടുക്കുന്ന മൊത്തം ഡ്രെഡ്ജിംഗിന്റെ 33 ശതമാനമാണ് ഇത്. ഇത്രയും സാദ്ധ്യതകൾ ഉള്ളപ്പോഴാണ് ആയിരങ്ങളെ നേരിട്ട് ബാധിക്കുന്ന വടുതല ബണ്ട് പ്രശ്‌നത്തിൽ പോർട്ട് വ്യത്യസ്ത നിലപാട് സ്വീകരിച്ചത്.


മറുപടികൾക്ക് വേഗം കൂടി
വടുതല ബണ്ട് പ്രശ്‌നവുമായി ബന്ധപ്പെട്ട വിവരാവകാശ അപേക്ഷകൾക്ക് മറുപടി നൽകുന്നതിൽ കളക്ടറേറ്റിലെ റവന്യൂ വിഭാഗം കാലതാമസം വരുത്തുന്നുവെന്ന് വ്യാപക പരാതി ഉയർന്നിരുന്നു. എന്നാലിപ്പോൾ മറുപടികൾക്ക് വേഗം കൂടി. മുമ്പ് ഒരപേക്ഷ നൽകിയാൽ അത് പല സെക്ഷനുകളിലേക്ക് പോവും എല്ലാ സെക്ഷനുകളിൽ നിന്നും വിവരം ഈ സെക്ഷനിൽ ലഭ്യമല്ല, മറ്റൊരു സെക്ഷന്റെ പരിഗണനയിലാണ് തുടങ്ങിയ കത്തുകളായിരുന്നു ലഭിച്ചിരുന്നത്. ബന്ധപ്പെട്ട സെക്ഷനുകളിൽ നിന്ന് ഉദ്യോഗസ്ഥർ അവർക്ക് തോന്നി​യ രീതിയിൽ മാത്രമായിരുന്നു മറുപടി. പ്രശ്‌നത്തിൽ സജീവ ഇടപെടൽ നടത്തുന്ന സോഷ്യൻ വെൽഫെയർ ആക്ഷൻ അലയൻസ് സൊസൈറ്റി (സ്വാസ്) പ്രശ്‌നം റവന്യൂ മന്ത്രിയുടെ ശ്രദ്ധയിൽ എത്തിച്ചതോടെ അതത് സെക്ഷനുകളിൽ നിന്ന് കൃത്യമായ വിവരങ്ങൾ രേഖപ്പെടുത്തി കാലതാമസമില്ലാതെ മറുപടി ലഭിക്കാൻ തുടങ്ങി.