കോലഞ്ചേരി: ഇഞ്ചി വിലയിടിവ് കർഷകരെ ഇഞ്ചിഞ്ചായി തകർക്കുന്നു. മുൻവർഷം ലഭിച്ച വില പ്രതീക്ഷിച്ച് കൃഷിയിറക്കിയവർക്കാണ് തിരിച്ചടിയായത്. അന്നത്തേതിന്റെ പകുതി വിലപോലും ഇക്കുറിയില്ല. ഭൂമി പാട്ടത്തിനെടുത്ത് കൃഷി നടത്തിയ കർഷകരെ വിലയിടിവ് കടക്കെണിയിലാക്കും. 60 കിലോഗ്രാം തൂക്കംവരുന്ന ഒരുചാക്ക് ഇഞ്ചിക്ക് 700 രൂപയാണ് ഇപ്പോഴത്തെ വില. ഈ വിലയ്ക്കുപോലും വാങ്ങാൻ ആളില്ലാത്ത സ്ഥിതിയാണ്.

മുൻവർഷം ഒരു ചാക്ക് ഇഞ്ചിക്ക് 1600 രൂപ വരെ ലഭിച്ചിരുന്നു. വില ഉയരുമെന്ന പ്രതീക്ഷയിൽ വിളവെടുക്കാതെ പിടിച്ചുനിർത്താനും കർഷകർക്ക് കഴിയില്ല. വേനൽ കടുത്തതോടെ ഇഞ്ചി മണ്ണിനടിയിൽ ഉണങ്ങിനശിക്കും. ഇപ്പോഴത്തെ വിലയിൽ വിളവെടുപ്പുകൂലിപോലും ലഭിക്കില്ലെന്നാണ് കർഷകർ പറയുന്നത്. കൊവിഡിനെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ ആവശ്യം കുറഞ്ഞതും കർണ്ണാടകയിലും തമിഴ്‌നാട്ടിലും ഉത്പാദനം കൂടിയതുമാണ് കർഷകർക്ക് തിരിച്ചടിയായത്.

 കൃഷിക്ക് ഒരേക്കറിന് ചെലവാകുന്നത് 2.5 ലക്ഷം രൂപ

ഒരേക്കർ ഇഞ്ചിക്കൃഷി നടത്തണമെങ്കിൽ 2.5 ലക്ഷത്തോളം രൂപ ചെലവാകും. ഇപ്പോഴത്തെ വിലയിൽ ചെലവിന്റെ മൂന്നിലൊന്നുപോലും ലഭിക്കില്ലെന്ന് കർഷകനായ കോട്ടപ്പടി സ്വദേശി അനിൽ പറഞ്ഞു. ജൈവരീതിയിൽ ചുക്കിനായി കൃഷിചെയ്തതാണെങ്കിലും ചുക്കിനും വിലയില്ലാതായി. കേരളത്തിൽനിന്നുള്ള നൂറുകണക്കിന് മലയാളികൾ കർണ്ണാടകയിലും തമിഴ്‌നാട്ടിലും ഭൂമി പാട്ടത്തിനെടുത്ത് കൃഷി നടത്തിയിരുന്നു. കഴിഞ്ഞവർഷം കൊവിഡ് കാരണം ഭൂരിഭാഗം പേർക്കും വിളവെടുപ്പ് നടത്താൻ കഴിഞ്ഞിരുന്നില്ല. അവിടത്തെ കാലാവസ്ഥയിൽ വിളവെടുക്കാതെ ഇഞ്ചി നിലനിർത്താൻ കഴിയുന്നതിനാൽ ഇക്കുറി ഇരട്ടി ഉത്പാദനം ഉണ്ടായതും വിലയിടിവിന് കാരണമായി.

വൻകിട കമ്പനികൾ ഡിമാൻഡ് കുറച്ചതോടെ നാട്ടിൻപുറങ്ങളിലെ കർഷകസംഘങ്ങൾ വഴിയും മ​റ്റും വിത്ത് ആവശ്യത്തിനും വീട്ടാവശ്യത്തിനുമായി വാങ്ങുമെന്ന പ്രതീക്ഷയിലാണ് കർഷകർ. ചുക്കിനും വിപണിയിൽ വിലയിടിഞ്ഞു. ക്വിന്റലിന് 10,100 രൂപയാണ് വില. ഒരു കിലോ ചുക്ക് ലഭിക്കണമെങ്കിൽ ആറുകിലോ ഇഞ്ചി വേണം. ഇന്ത്യയിൽനിന്ന് യുറോപ്യൻ രാജ്യങ്ങളിലേക്കും മിഡിൽ ഈസ്​റ്റ് രാജ്യങ്ങളിലേക്കുമാണ് ഇഞ്ചി വ്യാപകമായി കയ​റ്റി അയച്ചിരുന്നത്. കൊവിഡിനെ തുടർന്നുണ്ടായ വ്യാപാരമാന്ദ്യവും കർണ്ണാടക, തമിഴ്‌നാട് ഭാഗങ്ങളിൽ നിന്നുവരുന്ന ഇഞ്ചിയിൽ കീടനാശിനികൾ തളിക്കുന്നതായി കണ്ടെത്തിയതും വിലയിടിവിന് ഇടയാക്കിയതായി കർഷകർ പറയുന്നു.