കുറുപ്പംപടി: കാലടി സമാന്തരപാലത്തിന്റേയും അപ്രോച്ച് റോഡിന്റേയും നിർമ്മാണത്തിനാവശ്യമായ സ്ഥലം എത്രയും വേഗം ഏറ്റെടുത്ത് നിർമ്മാണം ആരംഭിക്കുവാൻ തീരുമാനമായതായി എം.എൽ.എമാരായ എൽദോസ് കുന്നപ്പിള്ളിയും റോജി എം. ജോണും അറിയിച്ചു. എം.എൽ.എമാർ മുൻകൈയെടുത്ത് ജില്ലാ കളക്ടർ ജാഫർ മാലിക്കിന്റെ സാന്നിദ്ധ്യത്തിൽ വിളിച്ചുചേർത്ത യോഗത്തിൽ സ്ഥലം ഉടമകളും പൊതുമരാമത്ത്, റവന്യു ഉദ്യോഗസ്ഥരും പങ്കെടുത്തു.
നിലവിലെ പാലത്തിനോടുചേർന്ന് പുതിയ പാലവും അപ്രോച്ച് റോഡും നിർമ്മിക്കുവാനായി ഒക്കൽ, കാലടി പഞ്ചായത്തുകളിലായി 30 സെന്റ് ഭൂമിയിൽ അതിർത്തിക്കല്ലുകൾ സ്ഥാപിക്കുന്ന ജോലി കഴിഞ്ഞദിവസം പൂർത്തീകരിച്ചിരുന്നു.
നിലവിലെ ഭൂമി ഏറ്റെടുക്കൽ നിയമം അനുസരിച്ചുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കുവാനും സ്ഥലംഉടമകൾക്ക് ന്യായമായ നഷ്ടപരിഹാരം നൽകുന്നതിനും തീരുമാനമായി. പാലത്തിന്റെ നിർമ്മാണത്തിനാവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനുള്ള സമ്മതപത്രവും സ്ഥലംഉടമകൾ യോഗത്തിൽ എം.എൽ.എമാർക്കും ജില്ലാ കളക്ടർക്കും കൈമാറി. ഇനി എത്രയുംവേഗം പുതിയ പാലത്തിന്റെ ടെൻഡർ നടപടികളിലേക്ക് കടക്കാൻ സാധിക്കുമെന്ന് എം.എൽ.എമാർ പറഞ്ഞു.
ഒക്കൽ പഞ്ചായത്ത് പ്രസിഡന്റ് മനോജ് തോട്ടപ്പിള്ളി, കാലടി പഞ്ചായത്ത് പ്രസിഡന്റ് എം.പി. ആന്റണി, ഡെപ്യൂട്ടി കളക്ടർ സുനിൽലാൽ, ലാൻഡ് അക്വിസിഷൻ തഹസിൽദാർ അംബിക, പി.ഡബ്ല്യു.ഡി എറണാകുളം ബ്രിഡ്ജസ് വിഭാഗം എക്‌സിക്യുട്ടീവ് എൻജിനീയർ റെജീനബീവി, അസിസ്റ്റന്റ് എൻജിനീയർ ഷൈനി കെ.പി, റവന്യൂവിഭാഗം ഉദ്യോഗസ്ഥർ, ബന്ധപ്പെട്ട ഭൂവുടമകൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.