ആലുവ: അദ്വൈതാശ്രമത്തിലെ ഗുരുമന്ദിരം കടവ് നവീകരണം ഒരുവർഷം പിന്നിട്ടിട്ടും പൂർത്തീകരിക്കാത്ത ഇറിഗേഷൻ വകുപ്പിന്റെ നടപടി പ്രതിഷേധാർഹമാണെന്ന് ആലുവ ശ്രീനാരായണ ക്ളബ് ആരോപിച്ചു. വിവിധ കാരണങ്ങൾ പറഞ്ഞ് നിർമ്മാണം അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്. മഹാശിവരാത്രി ആഘോഷത്തിന് ആഴ്ച്ചകൾ മാത്രം ബാക്കി നിൽക്കെയാണ് അധികൃതർ അലംഭാവം തുടരുന്നതെന്നും ഇക്കാര്യത്തിൽ വകുപ്പ് മന്ത്രി ഇടപ്പെട്ട് പ്രതിസന്ധി പരിഹരിക്കണമെന്നും ക്ളബ് ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ.എസ്. സ്വാമിനാഥൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എൻ. ദിവാകരൻ, വൈസ് പ്രസിഡന്റ് കെ.കെ. മോഹനൻ, ട്രഷറർ കെ.ആർ. ബൈജു, ആർ.കെ. ശിവൻ, പി.എം. വേണു എന്നിവർ സംസാരിച്ചു.