
കൊച്ചി: പീഡന ദൃശ്യം ചോർന്നെന്ന വെളിപ്പെടുത്തലിൽ അന്വേഷണം ആവശ്യപ്പെട്ട് ഇരയായ നടി സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതി. രാഷ്ട്രപതി, പ്രധാനമന്ത്രി, മുഖ്യമന്ത്രി, ഹൈക്കോടതി ചീഫ് ജസ്റ്റിസ് തുടങ്ങിയവർക്കും കത്തിന്റെ പകർപ്പ് നൽകിയിട്ടുണ്ട്.
2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് ഷൂട്ടിംഗിനായി കൊച്ചിയിലേക്ക് കാറിൽ വരുമ്പോൾ നടി ആക്രമിക്കപ്പെട്ടത്. ഒന്നാം പ്രതി പൾസർ സുനിയടക്കമുള്ള പ്രതികൾ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ കോടതിയിൽ നിന്ന് ചോർന്നതായാന്ന് കഴിഞ്ഞ ദിവസം ഒരു ന്യൂസ് ചാനൽ റിപ്പോർട്ട് ചെയ്തത്.
കേസ് നേരത്തെ പരിഗണിച്ചിരുന്ന പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്ന് വിചാരണക്കോടതിക്ക് കൈമാറുന്ന ഘട്ടത്തിൽ ദൃശ്യങ്ങൾ ചോർന്നെന്നാണ് ആരോപണം. ദൃശ്യങ്ങളിൽ മാറ്റമുണ്ടെന്ന് വ്യക്തമാക്കി ഫോറൻസിക് വിഭാഗം 2019 ഡിസംബർ 19ന് കോടതിക്ക് രഹസ്യറിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ടിന്റെ ചുവടുപിടിച്ചാണ് ദൃശ്യങ്ങൾ ചോർന്നെന്ന വാർത്ത വന്നത്. വിവരം ഞെട്ടിക്കുന്നതാണെന്നും തന്റെ സ്വകാര്യതയെ ഹനിക്കുന്നതാണെന്നും ചീഫ് ജസ്റ്റിസിന് നൽകിയ കത്തിൽ നടി പറയുന്നു.