
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള സ്വർണ്ണ കള്ളക്കടത്തും കള്ളപ്പണക്കടത്തും തുടരുന്നതായി ഉന്നതതല രഹസ്യാന്വേഷണറിപ്പോർട്ട്. കടത്തിക്കൊണ്ടു പോകുന്ന കറൻസികൾ വിദേശത്തു നിന്ന് സ്വർണ്ണം വാങ്ങി കൊണ്ടു വരാനാണ് ഉപയോഗിക്കുന്നത്.
കള്ളപ്പണം കൊണ്ടുപോകുന്നതിന്റെയും സ്വർണ്ണ കള്ളക്കടത്തിന്റെയും പിന്നിൽ വൻ ലോബികളാണെങ്കിലും കരിയർമാരെ നിയോഗിച്ചിരിക്കുകയാണ്.
പിടിക്കപ്പെട്ടാലും യഥാർത്ഥ കള്ളക്കടത്തുകാർ മറഞ്ഞിരിക്കും. കൊവിഡിന്റെ മറവിൽ പരിശോധനകൾ പരിമിതമായതോടെ കള്ളക്കടത്ത് വർദ്ധിച്ചിരിക്കുകയാണ്. കഴിഞ്ഞ ഒരു മാസമായി കൊച്ചി വിമാനത്താവളത്തിൽ നാമമാത്രമാണ് സ്വർണ്ണക്കള്ളക്കടത്ത് പിടിച്ചിട്ടുള്ളത്. പിടികൂടുന്ന കള്ളക്കടത്തിന്റെ ചുരുളുകൾ അഴിയുന്നില്ല. പ്രതികൾ ലോബികളുടെ സ്വാധീനത്തിൽ നിഷ്പ്രയാസം രക്ഷപ്പെടും.
ദിവസേന സ്വർണ്ണം കൊച്ചി വിമാനത്താവളം വഴി കടത്തുന്നതായിട്ടാണ് ഏജൻസികളുടെ നിഗമനം. പിടിക്കപ്പെടുന്ന കേസുകൾ പലതും ജലരേഖയാകുകയാണ്. സിനിമ മേഖല പോലും സ്വർണ്ണകള്ളക്കടത്തുമായി ബന്ധപ്പെട്ടിട്ടുള്ളതിന് തെളിവുകൾ പുറത്തുവന്നിട്ടുണ്ട്.നെടുമ്പാശേരി വിമാനത്താവളം വഴി 2013ൽ കൊണ്ടുവന്ന 20 കിലോഗ്രാം സ്വർണ്ണത്തിന്റെ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടർ സുബ്രഹ്മണ്യം തമിഴ് നടി അക്ഷരാ റെഡ്ഢിയെ അഞ്ചുമണിക്കൂറാണ് ചോദ്യം ചെയ്തത്.
നെടുമ്പാശേരിയിൽ അവസാനമായി സ്വർണ്ണം പിടിച്ചത് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കൊച്ചിയിൽ നിന്നെത്തിയ പ്രിവൻറ്റിവ് വിഭാഗമാണ്. ഇതേ ഉദ്യോഗസ്ഥന്മാരാണ് കഴിഞ്ഞദിവസം കരിപ്പൂർ വിമാനത്താവളത്തിൽ രണ്ടു സ്ത്രീകളടക്കം 28 പേരിൽ നിന്നും 21 കിലോ സ്വർണ്ണം പിടിച്ചത്. നെടുമ്പാശേരി വിമാനത്താവളങ്ങളിലെ കസ്റ്റംസ് വിഭാഗത്തിനെതിരെ ആക്ഷേപങ്ങൾ ശക്തമാണ്.