കൊച്ചി: നഗരത്തിലെ വെള്ളക്കെട്ട് നിവാരണത്തിനുള്ള ഓപ്പറേഷൻ ബ്രേക് ത്രൂ പദ്ധതിയുടെ മൂന്നാം ഘട്ടമായി മുല്ലശേരി കനാൽ നവീകരണ പ്രവർത്തനങ്ങൾക്ക് ഇന്നലെ തുടക്കമായി. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപമുള്ള കനാലിന്റെ നവീകരണത്തോടെയാണ് തുടക്കം. കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡ് അനുവദിച്ച പത്തു കോടി രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. ജലസേചന വകുപ്പ് നേതൃത്വം നൽകും. റെയിൽവേ സ്‌റ്റേഷൻ, ബസ് സ്റ്റാൻഡ്, എം.ജി.റോഡ് എന്നിവിടങ്ങളിലെ വെള്ളക്കെട്ടിനു കാരണം മുല്ലശേരി കനാലിലെ തടസങ്ങളാണെന്നു നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു പദ്ധതി നടപ്പാക്കുന്നത്. പണി പൂർത്തിയാകുന്നതോടെ ഈ ഭാഗങ്ങളിലെ വെള്ളക്കെട്ടിനു പരിഹാരമാകും.
കനാലിന്റെ വിവിധ ഭാഗങ്ങളിൽ ഒരേസമയം ജോലികൾ നടക്കും. രാത്രിയും പകലും ജോലികൾ തുടർന്ന് മഴക്കാലത്തിന് മുമ്പായി പൂർത്തീകരിക്കാനാണു ലക്ഷ്യമിടുന്നത്. നാലു മീറ്റർ വീതിയിലാണു കനാൽ നവീകരിക്കുക. രണ്ടര മീറ്ററ്റോളം ബെഡ് ലെവൽ താഴ്ത്തും. കനാൽ കായലിനോട് ചേരുന്ന ഭാഗംവരെ നവീകരണം നടത്തും. ഓപ്പറേഷൻ ബ്രേക്ക് ത്രൂ ടെക്‌നിക്കൽ കമ്മിറ്റി ചെയർമാൻ ബാജി ചന്ദ്രന്റെ മേൽനോട്ടത്തിലാണു ജോലികൾ പുരോഗമിക്കുന്നത്.
കച്ചവടക്കാരെ സ്റ്റേഡിയത്തിലേക്ക് മാറ്റും
മുല്ലശേരി കനാൽ നവീകരണവുമായി ബന്ധപ്പെട്ട് ഒട്ടേറെ തടസങ്ങൾ നേരിടേണ്ടി വന്നു. കോർപ്പറേഷൻ കോടതിയിൽ കെട്ടിവയ്‌ക്കേണ്ട തുകയെ സംബന്ധിച്ചായിരുന്നു ആദ്യതർക്കം. എന്നാൽ ഈ കൗൺസിൽ ചുമതലയേറ്റപ്പോൾ തന്നെ ഹൈക്കോടതി ഉത്തരവ് പ്രകാരം കോർപ്പറേഷൻ കെട്ടിവയ്‌ക്കേണ്ട തുക പൂർണ്ണമായും കളക്ടർക്ക് കൈമാറി.കനാലിന്റെ മുകളിലെ സ്ലാബുകളിൽ കച്ചവടം നടത്തിയിരുന്നവരുടെ പുനരധിവാസമായിരുന്നു മറ്റൊരു പ്രശ്‌നം. ഇവരെ കെ.എസ്.ആർ.ടി.സി സ്റ്റാന്റിന് സമീപം അംബേദ്കർ സ്റ്റേഡിയത്തിലേക്ക് മാറ്റും. നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നു
എം. അനിൽകുമാർ, കൊച്ചി മേയർ