കളമശേരി: നഗരസഭയുടെ കീഴിലുള്ള എച്ച്.എം.ടി.ജംഗ്ഷനിൽ പ്രവർത്തിക്കുന്ന പ്രാഥമികാരോഗ്യകേന്ദ്രം വെള്ളിയാഴ്ച്ച വൈകീട്ട് പൂട്ടാൻ മറന്നു. രാത്രി കെട്ടിടത്തിനകത്ത് വെളിച്ചം കണ്ട് ഓഫീസ് പ്രവർത്തിക്കുന്നതാണെന്ന ധാരണയിൽ ഉദ്യോഗസ്ഥരെ വിളിച്ച് അന്വേഷിച്ചപ്പോഴാണ് പൂട്ടാൻ മറന്നതാണെന്ന കാര്യം പുറത്താവുന്നത്.

കൊവിഡ് വാക്സിൻ സൂക്ഷിച്ചിരിക്കുന്ന ഫ്രീസറും മുറിയും തുറന്നു കിടക്കുന്നു. കൂടാതെ ഫാർമസി, ഓഫീസ് രേഖകൾ സൂക്ഷിച്ചിരുന്ന സ്ഥലങ്ങൾ തുടങ്ങിയവ തുറന്നു കിടക്കുന്നു. മുറിയിലെ ലൈറ്റും ഫാനും പ്രവർത്തിക്കുകയായാരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കൗൺസിലർമാരായ മിനി കരീം, റഫീക്ക് മരക്കാർ, നഷീദ സലാം, ടി.എ.അസൈനാർ എന്നിവർ കള്ളൻ കയറിയതായിരിക്കുമെന്ന് കരുതി കളമശേരി പൊലീസ് സ്റ്റേഷനിൽ അറിയിച്ചു. ഇൻസ്പെക്ടർ സന്തോഷിന്റെ നേതൃത്വത്തിൽ പൊലീസ് എത്തി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരെ വിളിച്ചു വരുത്തി രാത്രി 10 മണിക്ക് ഓഫീസ് പൂട്ടി. അനാസ്ഥ കാണിച്ച ജീവനക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് നഗരസഭയിലെ പ്രതിപക്ഷനേതാവ് അസൈനാർ ആവശ്വപ്പെട്ടു. ഇന്നലെ രാവിലെ പ്രതിപക്ഷകൗൺസിലർമാർ പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തി പ്രതിഷേധം രേഖപ്പെടുത്തി. സ്ഥലത്തെത്തിയ ഡി.എം.ഒയെ വിവരങ്ങൾ അറിയിച്ചു.