മൂവാറ്റുപുഴ: റവന്യൂവക സ്ഥലത്ത് സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മിക്കുന്നതിന് സ്ഥലം അളന്ന് തിരിക്കുവാനെത്തിയ ഉദ്യോഗസ്ഥരെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും തൊഴിലാളികളും തടഞ്ഞു. തുടർന്ന് തർക്കം പരിഹരിച്ച് 8.5 സെന്റ് അളന്ന് തിരിച്ചു. ഇന്നലെ രാവിലെ 10.30ഓടെയാണ് സംഭവം. കെ.എസ്.ഇ.ബി നമ്പർ 1 ഓഫീസ് സ്ഥിതിചെയ്യുന്ന സ്ഥലത്ത് മാറാടി വില്ലേജ് ഓഫീസ് പണിയുന്നതിന് സ്ഥലം അളന്ന് തിരിക്കാനാണ് ഉദ്യോഗസ്ഥർ എത്തിയത്. ഇവരെയാണ് തങ്ങളുടേതാണ് സ്ഥലമെന്ന് പറഞ്ഞ് തടഞ്ഞത്.

തുടർന്ന് റവന്യൂ അധികാരികൾ കളക്ടറെ ബന്ധപ്പെട്ടു. കളക്ടറുടെ നിർദ്ദേശപ്രകാരം വൻ പൊലീസ് സംഘം സ്ഥലത്തെത്തി കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരോട് സ്ഥലത്തിന്റെ രേഖകൾ ഹാജരാക്കുവാൻ ആവശ്യപ്പെട്ടെങ്കിലും അനുവദനീയമല്ലാത്ത സ്ഥലത്തിന്റെ രേഖകൾ നൽകാൻ അവർക്ക് കഴിഞ്ഞില്ല. തുടർന്ന് പൊലീസിന്റെ സാന്നിദ്ധ്യത്തിൽ റവന്യൂ ഉദ്യോഗസ്ഥർ വില്ലേജ് ഓഫീസിനായിട്ടുള്ള സ്ഥലം അടയാളപ്പെടുത്തി മടങ്ങി.