
കൊച്ചി: ഭൂമി തരംമാറ്റലിനുള്ള അപേക്ഷയിൽ തീർപ്പുണ്ടാകാത്തതിനെ തുടർന്ന് മത്സ്യത്തൊഴിലാളി മാല്യങ്കര കോയിക്കൽ സജീവൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ലാൻഡ് റവന്യൂ ജോയിന്റ് കമ്മിഷണർ ജെറോമിക് ജോർജ് ഇന്നലെ രാവിലെ ആർ.ഡി.ഒ ഓഫീസിലെത്തി വിവരം തേടുകയും രേഖകൾ പരിശോധിക്കുകയും ചെയ്തു.
വീഴ്ച ഉണ്ടായിട്ടില്ലെന്നും ചട്ടപ്രകാരമുള്ള നടപടികൾ സ്വീകരിച്ചെന്നുമുള്ള വാദം ഉദ്യോഗസ്ഥർ നിരത്തിയെന്നാണ് വിവരം. ജില്ലാ കളക്ടറുമായും അന്വേഷണോദ്യോഗസ്ഥൻ കൂടിക്കാഴ്ച നടത്തി.
നിഷ്‌പക്ഷ അന്വേഷണം നടത്തുമെന്നും സജീവന് നീതി നിഷേധിക്കപ്പെട്ടോയെന്ന് പരിശോധിക്കുമെന്നും ജെറോമിക് ജോർജ് കേരളകൗമുദിയോട് പറഞ്ഞു.
ഫീസ് സൗജന്യം ലഭിച്ചില്ല
സജീവനു സർക്കാർ പ്രഖ്യാപിച്ച ഭൂമി തരംമാറ്റത്തിനുള്ള ഫീസ് സൗജന്യം ലഭിച്ചില്ലെന്ന് ജില്ലാ കളക്ടറുടെ റിപ്പോർട്ട്. 25സെന്റ് വരെയുള്ള ഭൂമി തരംമാറ്റത്തിനു സർക്കാർ പ്രഖ്യാപിച്ച ഫീസ് സൗജന്യമാണു നൂലാമാലകളുടെ പേരുപറഞ്ഞ് വെറും നാലു സെന്റിന്റെ ഉടമയായ സജീവന് നഷ്ടമാക്കിയത്.
നിയമ നടപടിക്ക് കുടുംബം
സജീവന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ഏതറ്റംവരെയും പോകുമെന്ന് മകൻ നിഥിൻദേവ് പറഞ്ഞു. ഫോർട്ട് കൊച്ചി ആർ.ഡി.ഒ ഓഫീസിലെ ഉദ്യോഗസ്ഥരുടെ ദുർവാശിയാണ് അച്ഛന്റെ ആത്മഹത്യയ്ക്ക് കാരണമെന്നും നിഥിൻ പറഞ്ഞു.
പ്രതിപക്ഷ നേതാവ് സന്ദർശിച്ചു
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇന്നലെ സജീവന്റെ വീടു സന്ദർശിച്ചു. കുടുംബത്തിന് നിയമസഹായം ഉറപ്പ് നൽകി.