
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണോദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തുന്നതിനിടെ, കേസിലെ ഒന്നാം പ്രതി നടൻ ദിലീപ് രണ്ടാം പ്രതി സഹോദരൻ അനൂപിന് നൽകിയതെന്ന് കരുതുന്ന നിർദ്ദേശത്തിന്റെ ഓഡിയോ പുറത്തായി. സംവിധായകൻ ബാലചന്ദ്രകുമാറാണ് ദിലീപും അനൂപും സംസാരിക്കുന്ന രണ്ട് ശബ്ദരേഖ പുറത്തുവിട്ടത്. പത്ത് സെക്കൻഡ് ദൈർഘ്യം മാത്രമുള്ള ഓഡിയോയിൽ ഉദ്യോഗസ്ഥരെ 'ഗ്രൂപ്പിലിട്ട് തട്ടണ'മെന്ന നിർദ്ദേശമാണ് ദിലീപ് നൽകുന്നത്. ഇതിന് മറുപടിയെന്നോണം അനൂപ് സംസാരിക്കുന്നതാണ് രണ്ടാമത്തെ ശബ്ദരേഖ. ഇതിൽ ഒരു വർഷത്തേക്ക് ഫോൺകാളുകൾ വിളിക്കരുതെന്നും ഒരു വീഴ്ചയും ഉണ്ടാകരുതെന്നുമെല്ലാം പറയുന്നുണ്ട്. 1998ൽ പുറത്തിറങ്ങിയ ഷാജി കൈലാസ് ചിത്രമായ 'ദ ട്രൂത്തി'ന്റെ ഇതിവൃത്തം പോലെ അന്വേഷണ ഉദ്യോഗസ്ഥരെ തട്ടണമെന്ന് ദിലീപ് ഇതിന് ശേഷം പറഞ്ഞിരുന്നതായി ബാലചന്ദ്രകുമാർ മൊഴി നൽകിയിട്ടുണ്ട്. അന്വേഷണോദ്യോഗസ്ഥൻ ബൈജു കെ. പൗലോസിനെ വധിക്കാൻ ദി ട്രൂത്ത് മോഡൽ പദ്ധതിയാണ് പ്രതികൾ ആസൂത്രണം ചെയ്തതെന്ന് ഇന്നലെ കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. 2017 നവംബർ 15ന് ദിലീപിന്റെ ആലുവയിലെ പത്മസരോവരം വീട്ടിൽ വച്ച് റെക്കാഡ് ചെയ്ത ശബ്ദരേഖയാണ് പുറത്തുവിട്ടത്. അന്വേഷണോദ്യോഗസ്ഥർക്ക് നേരത്തേ കൈമാറിയതാണ് ഇവ.
ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയിലെ വിധിക്ക് ശേഷം ശബ്ദരേഖ പുറത്തുവിടുമെന്നാണ് ബാലചന്ദ്രകുമാർ അറിയിച്ചിരുന്നതെങ്കിലും ഇന്നലെ വൈകിട്ടോടെ പരസ്യപ്പെടുത്തി. ബാലചന്ദ്രകുമാറിനെതിരെ കണ്ണൂർ സ്വദേശിനി പീഡന പരാതിയുമായി ഇന്നലെ രംഗത്തെത്തിയതാകാം തീരുമാനം മാറ്റാൻ കാരണമെന്ന് കരുതുന്നു.
കുറ്റസമ്മതം നടത്താൻ അന്വേഷണ സംഘം നിർബന്ധിച്ചു: ദിലീപ്
2018 ജനുവരി 31ന് വിചാരണക്കോടതി പരിസരത്തുവച്ച് അന്വേഷണോദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയെന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്നുണ്ട്. എന്നാൽ, വിചാരണക്കോടതിയിൽ കേസ് എത്തിയത് 2019 ലാണെന്ന് മുൻകൂർ ജാമ്യ ഹർജിയിൽ ദിലീപ് ഇന്നലെ സമർപ്പിച്ച വാദത്തിൽ പറയുന്നു. അന്വേഷണോദ്യോഗസ്ഥർ അനുഭവിക്കുമെന്നു പറഞ്ഞതുൾപ്പെടെയുള്ള കാര്യങ്ങൾ ഗൂഢാലോചനക്കുറ്റം ചുമത്താൻ പര്യാപ്തമല്ല. അനൂപിന്റെ ശബ്ദരേഖയായി പറയുന്ന കാര്യങ്ങളിലെ ശബ്ദം തിരിച്ചറിഞ്ഞിട്ടില്ല. തെറ്റായ കാര്യങ്ങൾ പറഞ്ഞു കുറ്റസമ്മതം നടത്താൻ ചോദ്യംചെയ്യലിൽ അന്വേഷണ സംഘം നിർബന്ധിച്ചപ്പോഴാണ് ഇതുമായി സഹകരിക്കാനാവില്ലെന്നു പറഞ്ഞ് നിഷേധിച്ചത്.
2021 ഒക്ടോബർ 26ന് ദാസനെ ഫോണിൽ വിളിച്ചപ്പോൾ തന്നെക്കുറിച്ച് ദിലീപിന്റെ വീട്ടിൽ ചർച്ച നടക്കുകയാണെന്ന് പറഞ്ഞതായി ബാലചന്ദ്രകുമാറിന്റെ മൊഴിയുണ്ട്. എന്നാൽ, തന്റെ വീട്ടിലെ സഹായിയായിരുന്ന ദാസൻ 2020ൽ പിരിഞ്ഞുപോയി. ദാസനെയും മകനെയും അന്യായമായി കസ്റ്റഡിയിൽ വച്ചു പറയിപ്പിച്ചതാകാം ഇതെന്നും ദിലീപ് ആരോപിക്കുന്നു.
വിദേശത്തുള്ള ആലുവ സ്വദേശി വ്യവസായി സലിമിന്റെ മൊഴി എടുക്കാതെയാണ് പ്രോസിക്യൂഷൻ ആരോപണം ഉന്നയിക്കുന്നത്. സാമ്പത്തിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് സലിം നൽകിയ പരാതി ക്രൈംബ്രാഞ്ച് ഓഫീസിലുള്ളതായി അറിവുണ്ടെന്നുംവാദങ്ങളിൽ പറയുന്നു.