തൃക്കാക്കര: തൃക്കാക്കര നഗരസഭയിലെ ജീവനക്കാർ സമയക്രമം പാലിക്കണമെന്ന് നഗരസഭ ചെയർപേഴ്സൻ അജിത തങ്കപ്പൻ നിർദേശം നൽകി. ''തൃക്കാക്കര നഗരസഭാ ജീവനക്കാരെ കണ്ടവരുണ്ടോ?" എന്ന കൗമുദി വാർത്തയെ തുടർന്നാണ് നടപടി. ഇതുസംബന്ധിച്ച് വെള്ളിയാഴ്ച മുൻസിപ്പൽ സെക്രട്ടറി ബന്ധപ്പെട്ട വകുപ്പ് തലവന്മാർക്ക് നിർദേശം നൽകി. ഇതോടെ ഇന്നലെ നഗരസഭയിലെ വിവിധ വിഭാഗത്തിലെ ജീവനക്കാർ പത്തുമണിക്ക് മുമ്പേ എത്തി. നഗരസഭയിൽ താത്കാലിക ജീവനക്കാരുൾപ്പടെ 11 മണിക്ക് ശേഷമാണ് ജോലിക്ക് എത്തിയിരുന്നത്.
രാവിലെ വിവിധ ആവശ്യങ്ങൾക്കായി നഗരസഭയിലെത്തുന്ന ആളുകൾ മണിക്കൂറുകൾ കാത്തിരിക്കേണ്ട ഗതികേടിലായിരുന്നു. നഗരസഭയിൽ എൻജിനിയറിംഗ്, റവന്യൂ, ആരോഗ്യം തുടങ്ങിയ വിഭാഗങ്ങളിൽ ചുരുക്കൽ ചില ജീവനക്കാർ മാത്രമാണ് സമയത്തെത്തുന്നത്. വൈകിട്ട് നാലുമണി കഴിഞ്ഞാൽ ജീവനക്കാർ മുങ്ങുന്നതും പതിവ് കാഴ്ചയാണ്.