വൈപ്പിൻ: സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ പാലത്തിന്റെ നിർമ്മാണം ഏപ്രിലിൽ ആരംഭിക്കും. എറണാകുളം, തൃശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന മുനമ്പം അഴീക്കോട് പാലമാണ് പ്രതിബന്ധങ്ങൾ മറികടന്ന് നിർമ്മാണത്തിലേക്ക് കടക്കുന്നത്.
11 വർഷം മുൻപാണ് പാലത്തിന് തറക്കല്ലിട്ടത്. എന്നാൽ നിർമ്മാണ ചെലവായ 150ൽപ്പരം കോടി രൂപയുടെ ഫണ്ട് കണ്ടെത്താനാകാതെ പാലമെന്ന സ്വപ്നം നീണ്ടുപോകുകയായിരുന്നു. ഒട്ടെറെ ശ്രമങ്ങൾക്കൊടുവിലാണ് കിഫ്ബിയിൽ ഉൾപ്പെടുത്തി പാലത്തിന് അനുമതിയായത്. തീരദേശ ഹൈവേയുടെ മാനദണ്ഡങ്ങൽക്കനുസരിച്ച് വീതികൂട്ടി നിർമ്മിക്കുന്ന പാലത്തിന് 154.62 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.
പാലത്തിന്റെ മധ്യഭാഗത്ത് ജലനിരപ്പിൽ നിന്ന് 12 മീറ്ററും വശങ്ങളിൽ 8.16 മീറ്ററുമായിരിക്കുമെന്ന് അധികൃതർ വിശദീകരിച്ചു. മുനമ്പം ഫിഷിംഗ് ഹാർബറിന്റെ തൊട്ടരികിൽ വരുന്ന പാലത്തിനടിയിലൂടെ കടന്നു പോകുന്ന ഫിഷിംഗ് ബോട്ടുകളുടെ പരമാവധി ഉയരം 8 മീറ്ററാണെന്നും അഴിമുഖത്തിനരികിലൂടെ പരമാവധി ജലനിരപ്പിൽ ബോട്ടുകൾ കടന്നുപോയാലും തടസമുണ്ടാകില്ലെന്ന് അധികാരികൾ പറയുന്നു. ഊരാളുങ്കൽ ലേബർ കൊൺട്രാക്ട് സൊസൈറ്റിയാണ് ടെൻഡർ ഏറ്റെടുത്തിട്ടുള്ളത്. മൂന്ന് വർഷത്തിനകം പണി പൂർത്തിയാകും.