കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിനെയും ഇടുക്കി ജില്ലയിലെ അടിമാലി പഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന കുട്ടമ്പുഴ - മേട്‌നാപാറക്കുടി മാമലക്കണ്ടം റോഡിൽ പന്തപ്ര കോളനിക്ക് സമീപമുള്ള കൂട്ടിക്കുളം പാലം വീതികൂട്ടി നിർമ്മിക്കുന്നതിന് 24 ലക്ഷം രൂപയുടെ പ്രത്യേക അനുമതി ലഭിച്ചതായി ആന്റണിജോൺ എം.എൽ.എ അറിയിച്ചു.
പാലത്തിന്റെ വീതി കൂട്ടുന്നതിനായി ആസ്തിവികസന ഫണ്ടിൽ നിന്ന് നേരത്തെ 13 ലക്ഷം രൂപ അനുവദിച്ച് നിർമ്മാണം തുടങ്ങിയിരുന്നു. എന്നാൽ 2018 ലെ പ്രളയത്തിൽ പാലത്തിന് കൂടുതൽ നാശനഷ്ടം സംഭവിച്ചതോടെ ജോലികൾ നിറുത്തിവച്ചു. തുടർന്ന് പാലം വീതികൂട്ടാൻ കൂടുതൽ തുക വേണ്ടിവന്ന സാഹചര്യത്തിലാണ് എം.എൽ.എ ആസ്തി വികസന ഫണ്ട് വഴി 24 ലക്ഷം രൂപകൂടി നൽകിയിരിക്കുന്നത്.
കുട്ടമ്പുഴയിൽ നിന്ന് പന്തപ്ര വഴി മാമലക്കണ്ടത്തേക്കുള്ള റോഡ് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് എം.എൽ.എ ആസ്തി വികസനഫണ്ടിൽ നിന്നുള്ള 50 ലക്ഷം രൂപ ചെലവഴിച്ച് കോൺക്രീറ്റ് ചെയ്ത് നവീകരിച്ചിരുന്നു. കെ.എസ്.ആർ.ടി.സിയുടെ ജംഗിൾ സഫാരിയടക്കം നിരവധി വാഹനങ്ങൾ സഞ്ചരിക്കുന്ന ഈ റോഡിലെ പാലത്തിന് വീതി കൂട്ടുന്നതോടെ ഗതാഗതം സുഗമമാകുമെന്നും നിർമ്മാണപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട തുടർനടപടികൾ വേഗത്തിലാക്കുമെന്നും എം.എൽ.എ അറിയിച്ചു