p

കൊച്ചി: എത്ര വിലയേറിയതായാലും വധുവിന് കല്യാണപ്പുടവ സൗജന്യമായി നൽകും ഇസ്മത്ത്. ഒരു വർഷം മുമ്പ് ആലപ്പുഴ അരൂക്കുറ്റി കോട്ടൂർ പള്ളിക്കവലയിൽ ഇസ്മത്ത് തുറന്ന ഇസ്സാറ ബുട്ടീക്കിലെ കല്യാണപ്പുടവ അണിഞ്ഞ് കതിർമണ്ഡപത്തിൽ എത്തിയത് എഴുപത് പെൺകുട്ടികൾ.

തനിക്ക് കല്യാണപ്പുടവ വാങ്ങാനും മറ്റും പിതാവിനെ മറ്റുള്ളവർ സഹായിച്ചത് ഓർമ്മയിൽ സൂക്ഷിക്കുന്ന ഇസ്മത്ത്, ഇതേ ആവശ്യത്തിന് മറ്റുള്ളവരെ സഹായിക്കാൻ മുന്നിട്ടിറങ്ങുകയായിരുന്നു. കണ്ണൂരിൽ പാവപ്പെട്ടവർക്ക് വസ്ത്രങ്ങൾ ശേഖരിച്ച് നൽകുന്ന സബിതയെ വിളിച്ചത് കുറച്ച് വസ്ത്രങ്ങൾ അയച്ചുകൊടുക്കാൻ വേണ്ടിയായിരുന്നു.പിന്നാലെ സ്വയം അതു ചെയ്യാനുള്ള ദൗത്യം ഏറ്റെടുക്കുകയായിരുന്നു. സ്വന്തമായി തുടങ്ങിയ ബുട്ടീക്കിൽ പുതു വസ്ത്രങ്ങളുടെ വില്പനയ്ക്കൊപ്പമാണ് ഈ സൗജന്യ സേവനം.

പരിചയക്കാരോടെല്ലാം വസ്ത്രങ്ങൾ ചോദിച്ചു. പുതുവസ്ത്രങ്ങൾ വാങ്ങിത്തരാൻ താല്പര്യമില്ലാത്തവരോട് പുതുമോടി നഷ്ടപ്പെടാത്ത വിവാഹ വസ്ത്രം അലക്കിത്തേച്ച് തന്നാൽ സ്വീകരിക്കാമെന്ന് അറിയിച്ചു. കാരണം, അവ ഒരേയൊരുദിവസം കുറച്ചു മണിക്കൂറുകൾ മാത്രം ഉപയോഗിച്ചവയാണ്.അതു പാഴാക്കി കളയുന്നതിനേക്കാൾ നല്ലതല്ലേ, മറ്റൊരാൾക്ക് ഉപയോഗപ്പെടുന്നത്.

ഇക്കാര്യം തിരിച്ചറഞ്ഞ് ജാതിഭേദമില്ലാതെ നിരവധിപേർ വിവാഹ വസ്ത്രങ്ങൾ ഇസ്മത്തിന് കൈമാറി. ചിലർ പണമാണ് നൽകിയത്. അത് സ്വീകരിച്ചില്ല. അവരോട് പുതുവസ്ത്രങ്ങൾ വാങ്ങി നൽകാൻ ആവശ്യപ്പെട്ടു. സൗജന്യമായി മണവാട്ടിയെ ഒരുക്കാനും പോകാറുണ്ട്.

എല്ലാ ജില്ലയിലും പ്രവർത്തിക്കുന്ന റെയി​ൻബോ ഫ്രീ ബ്രൈഡൽ എന്ന കൂട്ടായ്മയുടെ ഭാഗമാണ് പാണാവള്ളി​ അറക്കൻവെളി വീട്ടിൽ ഇസ്മത്ത്.പ്രോത്സാഹനവുമായി ഭർത്താവ് റിൻഷാദും വീട്ടുകാരും കൂടെയുണ്ട്. മുഹമ്മദ് ഇമ്രാൻ, മുഹമ്മദ് സഹ്റാൻ എന്നിവർ മക്കളാണ്.