കോലഞ്ചേരി: തൊഴിലാളി കർഷകവിരുദ്ധ കേന്ദ്ര ബഡ്ജറ്റ് നിർദ്ദേശങ്ങളിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് കർഷകതൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ ഇന്ന് വില്ലേജ്തലത്തിൽ പ്രതിഷേധകൂട്ടായ്മ നടത്തും. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കുള്ള കേന്ദ്ര ബഡ്ജറ്റ് വിഹിതം വെട്ടിക്കുറച്ച് പദ്ധതിയെ തകർക്കുന്നു. പാവങ്ങളുടെ ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിന് നൽകി വന്ന സബ്‌സിഡി ഏകപക്ഷീയമായി വെട്ടിക്കുറയ്ക്കുകയും വേണ്ടെന്ന് വെയ്ക്കുകയും ചെയ്തു. പാചക വാതകത്തിന്റെ സബ്‌സിഡി നിർത്തലാക്കി. രാജ്യത്തിന്റെ നട്ടെല്ലായ കാർഷികമേഖലക്കുള്ള വിഹിതം വളം സബ്‌സിഡിയും വെട്ടിക്കുറച്ചു തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ചാണ് സമരം. പ്രതിഷേധ കൂട്ടായ്മ വിജയിപ്പിക്കണമെന്ന് കെ.എസ്.കെ.ടി.യു ജില്ലാസെക്രട്ടറി സി.ബി. ദേവദർശനൻ ആവശ്യപ്പെട്ടു.