
കൊച്ചി: തുടർച്ചയായ മൂന്നാംവർഷവും ഉത്സവവും ആനയെഴുന്നള്ളിപ്പും മുടങ്ങിയതിനാൽ ആനത്തലയോളം കടത്തിലായിരിക്കുകയാണ് ആനമുതലാളിമാർ. ഈ വർഷവും സാധാരണ ക്ഷേത്ര ഉത്സവങ്ങൾക്ക് ഒരു ആനയെ മാത്രം എഴുന്നള്ളിക്കാനാണ് അനുമതി. വരുമാനം നിലച്ചെങ്കിലും ചെലവിന് കുറവില്ലാത്തതിനാൽ ആനകളുടെ സംരക്ഷണം ഉടമകൾക്ക് ബാദ്ധ്യതയായിരിക്കുകയാണ്. കൂടുതൽ ആനകളുള്ളവരാണ് ഏറെ ദുരിതത്തിൽ. പ്രതിദനം തീറ്റയ്ക്ക് മാത്രമായി വലിയ ഒരു തുക മുടക്കണം. ഒട്ടേറെ തെങ്ങുകളിലും പനകളിലും കയറിയാലാണ് ഒരു ദിവസത്തേക്കുള്ള പട്ടയും ഓലയും ലഭിക്കുക. തെങ്ങുകയറുന്നവർക്കുള്ള കൂലി, വണ്ടിച്ചെലവ്, മൂന്ന് പാപ്പാന്മാരുടെ കൂലി... എല്ലാം കൊണ്ടും നട്ടംതിരിയുകയാണ് ഉടമകൾ. കന്നുകാലികളായിരുന്നെങ്കിൽ അഴിച്ചു വിട്ടേനെ എന്നാണ് പലരും പറയുന്നത്. ഒരു ലക്ഷം രൂപ വരെ ഏക്കം ലഭിച്ചിരുന്ന ആനകൾക്ക് 5,000 രൂപയാണ് ഇപ്പോൾ ലഭിക്കുന്നത്.
പിടിയാനകളുടെ ഉടമകളാണ് ഏറെ കഷ്ടത്തിലായത്. പിടിയാനയെ എഴുന്നള്ളിക്കാൻ ആരും തയാറാകുന്നില്ല. കൊവിഡിന് മുമ്പ് 9.45 അടിക്ക് മുകളിൽ ഉയരമുള്ള ആനയ്ക്ക് ഒരു ലക്ഷം രൂപയ്ക്ക് മുകളിലായിരുന്നു ഏക്കം. ഇൻഷ്വറൻസ് പ്രീമിയം മാത്രം 50,000 രൂപ വരെയാകും.
ആനയുടെ ഏക്കവും ചെലവും
പ്രതിദിനച്ചെലവ്- 5,000 രൂപ
ആനയുടെ ഏക്കം (കൊവിഡിന് മുമ്പ്)- 30,000 മുതൽ 2 ലക്ഷം വരെ
അഞ്ചു കിലോ അരി, പഞ്ഞപ്പുല്ല്, കടല, ഉഴുന്ന് എന്നിവ അടങ്ങുന്ന ആരോഗ്യ സംരക്ഷണത്തിനായി പൊടിച്ചോറിനൊപ്പം നൽകണം. ഇത് തമിഴ്‌നാട്ടിലെ കമ്പത്ത് നിന്നാണ് എത്തിക്കുന്നത്. കുറഞ്ഞത് 250 ലിറ്റർ വെള്ളം ഒരു ദിവസം കുടിക്കാൻ നൽകണം. കൊവിഡിൽ ഉത്സവങ്ങൾ ഇല്ലാതായതോടെ ഉടമകളുടെ വീടുകളിലോ ക്ഷേത്ര മുറ്റത്തോ ആനകളെ തളച്ചിരിക്കുകയാണ്. രണ്ട് ദിവസത്തിലൊരിക്കൽ കുളിപ്പിക്കണം, അഴിച്ചു കെട്ടണം, പോക്ഷകാഹാരമുള്ള ഭക്ഷണം നൽകുന്നില്ലെങ്കിൽ ആരോഗ്യസ്ഥിതി മോശമാകും. മദപ്പാടോ, എരണ്ടകെട്ടോ വന്നാൽ ചെലവ് കൂടും. ആനകളെ പാട്ടത്തിന് കൊടുത്ത് കിട്ടിയിരുന്ന വരുമാനം മൂന്ന് വർഷമായി ഇല്ല. എന്നാൽ സംരക്ഷണ ചെലവ് കൂടി. ഒരു ദിവസം അഞ്ചു കിലോ അരി വേണം.
പിടിയാന തഴയപ്പെട്ടു
ആറ് പിടിയാനകൾവരെയുള്ള ഉടമയുണ്ട് ഇക്കൂട്ടത്തിൽ. അവയ്ക്ക് ആകെ കിട്ടിയിരുന്നത് ഏതാനും ദേവീക്ഷേത്രങ്ങളിലെ എഴുന്നള്ളത്തുകൾ മാത്രം. തടി പിടിക്കാൻ ക്രെയിനെത്തിയതോടെ ആനകളെ ആർക്കും വേണ്ടാതായി. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ടൂറിസ്റ്റുകളുടെ ആനസവാരിക്ക് ഉപയോഗിച്ചിരുന്ന പിടിയാനകളും അവസരമില്ലാതെ ഇപ്പോൾ ഉടമയുടെ പറമ്പിൽ തളയ്ക്കപ്പെട്ട നിലയിലാണ്.
സർക്കാർ ആനകൾക്ക് സൗജന്യ റേഷൻ നൽകണം. പി.തിലോത്തമൻ ഭക്ഷ്യ വകുപ്പ് മന്ത്രിയായിരുന്നപ്പോൾ സൗജന്യമായി അരി, ചെറുപയർ, റാഗി, ഗോതമ്പ് എന്നിവ നൽകിയിരുന്നു. ഇത് വലിയ ആശ്വാസമായിരുന്നു. ഇത് തുടർന്നും ലഭ്യമാക്കണം."
അഡ്വ. ടി. അരുൺകുമാർ
എലഫന്റ് ഓണേഴ്സ് അസോസിയേഷൻ
മുഖ്യ രക്ഷാധികാരി