കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണോദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപുൾപ്പെടെ ആറ് പ്രതികൾ ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് രാവിലെ 10.30ന് ജസ്റ്രിസ് ഗോപിനാഥ് വിധി പറയും. ദിലീപിന് പുറമേ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് ടി.എൻ. സുരാജ്, ബന്ധു അപ്പു, സുഹൃത്തുക്കളായ ബൈജു ചെങ്ങമനാട്, ശരത് എന്നിവരുടെ ഹർജികളാണ് പരിഗണിക്കുന്നത്.
തന്നെ കുടുക്കാൻ ഗൂഢാലോചന നടത്തിയത് ഉദ്യോഗസ്ഥരാണെന്നും പ്രോസിക്യൂഷൻ ഹാജരാക്കിയ ശബ്ദരേഖകൾ മിമിക്രിയാണെന്നും ദിലീപിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. ദിലീപിന്റെ ആരോപണങ്ങൾക്ക് ഓരോന്നിനും മറുപടി നൽകിയ പ്രോസിക്യൂഷൻ, കുറ്റകൃത്യത്തിന്റെ സ്വഭാവവും ഗൗരവവും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. മുൻകൂർ ജാമ്യാപേക്ഷ തള്ളണമെന്നും പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നുമാണ് ആവശ്യം.
അറസ്റ്റിന് മുമ്പും വൈരാഗ്യം?
നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിലാകുന്നതിന് മുമ്പും അന്വേഷണോദ്യോഗസ്ഥനോട് വൈരാഗ്യമുണ്ടായിരുന്നതായി ക്രൈം ബ്രാഞ്ച്. അപ്പുവിന്റെ ഫോണിൽ നിന്ന് ലഭിച്ച എസ്.എം. എസ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. അന്വേഷണോദ്യോഗസ്ഥനായ ബൈജു പൗലോസിന്റെ സ്വകാര്യ വാഹനത്തിന്റെ നമ്പർ അപ്പു ബംഗളൂരുവിലെ ഒരു ഫോൺ നമ്പറിലേക്ക് അയച്ചതായി കണ്ടെത്തിയിരുന്നു. അപ്പുവിന്റെ ഫോൺ പരിശോധിച്ചപ്പോൾ ഇതേ എസ്.എം.എസ് ദിലീപിന്റെ ഫോണിലേക്കും പോയതായും വ്യക്തമായി. ഇക്കാര്യത്തിൽ വക്തത വരുത്താൻ ക്രൈം ബ്രാഞ്ച് ശ്രമിച്ചെങ്കിലും ഇ
അയാൾ വീട്ടിലുണ്ടായിരുന്നില്ല. അപ്പു ഒളിവിലാണെന്ന് കരുതുന്നു. ദിലീപിനെയും ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് ക്രൈം ബ്രാഞ്ച് വിലയിരുത്തൽ. നേരത്തെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച വേളയിൽ ഈ വിവരം അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നില്ല.
നാളെ ശബ്ദമെടുക്കും
ദിലീപ്, അനൂപ്, സുരാജ് എന്നിവരുടെ ശബ്ദസാമ്പിൾ നാളെ കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ശേഖരിക്കും. രാവിലെ 11ന് ഹാജരാകാൻ അന്വേഷണ സംഘം മൂവരോടും ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം വീട്ടിലെത്തി ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകിയെങ്കിലും കൈപ്പറ്റിയിരുന്നില്ല. വൈകിട്ട് അഭിഭാഷകൻ മുഖേനെയാണ് പ്രതികൾ നോട്ടീസ് കൈപ്പറ്റിയത്.