
തൃക്കാക്കര: ഭൂമി തരംമാറ്റിയ രേഖകൾ ആവശ്യപ്പെട്ട് അപേക്ഷകർക്ക് വായ്പ നൽകുന്നതിൽ വരുന്ന താമസം ഒഴിവാക്കാൻ ബാങ്കുകൾ പരമാവധി ശ്രമിക്കണമെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക് ആവശ്യപ്പെട്ടു. കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന ബാങ്കുകളുടെ ജില്ലാതല പ്രതിനിധികളുടെ യോഗത്തിൽ ലോണുകൾ അനുവദിക്കുന്നതിനുള്ള നടപടികൾ ലഘുകരിക്കാനുള്ള സാദ്ധ്യതകൾ ചർച്ച ചെയ്തു.
അടിയന്തര സാഹചര്യത്തിൽ ബാങ്കുകൾ ഭൂമിയുടെ തരം സംബന്ധിച്ച് ഡാറ്റ ബാങ്ക് പരിശോധിക്കുകയും വില്ലേജ് ഓഫീസർ നൽകുന്ന റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ വായ്പകൾ അനുവദിക്കാൻ ശ്രമിക്കണമെന്നും കളക്ടർ നിർദേശിച്ചു. ഭൂമി നേരിട്ട് പരിശോധിച്ച ശേഷം തരംമാറ്റി നൽകാൻ യോഗ്യമായ ഭൂമി ആണെന്ന് ഉറപ്പാക്കിയാൽ മാത്രമേ വില്ലേജ് ഓഫീസർ സർട്ടിഫിക്കറ്റ് അനുവദിക്കാൻ പാടുള്ളു. മാനുഷിക പരിഗണന കൂടി കണക്കിലെടുത്ത് അർഹരായവർക്ക് വായ്പ അനുവദിക്കാൻ ബാങ്കുകൾക്ക് കഴിയണമെന്നും കളക്ടർ പറഞ്ഞു.
അടിയന്തരമായി സർട്ടിഫിക്കറ്റ് ആവശ്യമുള്ള സാഹചര്യങ്ങളിൽ ഫാസ്റ്റ് ട്രാക്കിംഗ് സംവിധാനം നടപ്പാക്കാൻ സർക്കാരിനോട് ആവശ്യപ്പെടണമെന്ന് യോഗത്തിൽ ബാങ്ക് പ്രതിനിധികൾ ആവശ്യപ്പെട്ടു. നിലവിൽ വിദ്യാഭ്യാസ വായ്പകൾക്കും ഭവന വായ്പകൾക്കുമാണ് പ്രധാനമായും സ്ഥലം ഈടായി നൽകുന്നത്. നാലു ലക്ഷം രൂപ മുതൽ 7.5 ലക്ഷം രൂപ വരെയുള്ള വിദ്യാഭ്യാസ വായ്പകൾക്ക് ആൾജാമ്യവും അതിനു മുകളിലുള്ള തുകയ്ക്ക് ഈടും നൽകണം.
ലീഡ് ഡിസ്ട്രിക്ട് മാനേജർ സി. സതീഷ്, സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ, കനറാ ബാങ്ക്, ഫെഡറൽ ബാങ്ക്, ബാങ്ക് ഒഫ് ഇന്ത്യ, കേരള ബാങ്ക്, ഗ്രാമീൺ ബാങ്ക്, ഐ.ഡി.ബി.ഐ തുടങ്ങി ജില്ലയിലെ പ്രമുഖ ബാങ്കുകളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.