അങ്കമാലി: തുറവൂർ ഗ്രാമ പഞ്ചായത്തിലെ നാലാം വാർഡിൽ 39 ലക്ഷം രൂപ വകയിരുത്തി പുനരുദ്ധാരണം നടത്തുന്ന കണ്ടൻ ചിറയുടെ നിർമ്മാണ പ്രവർത്തനങ്ങളിൽ വൻഅഴിമതിയും സാമ്പത്തികക്രമക്കേടും നടക്കുന്നതായി പരാതി.

സംസ്ഥാന ചെറുകിട, ജലസേചന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം നടക്കുന്ന ചിറയുടെ അളന്ന് തിട്ടപ്പെടുത്തിയിട്ടുള്ള ഭൂമി 60 സെന്റ് വരും. കൂടാതെ 10 സെന്റ് റോഡ് പുറംമ്പോക്കും ഇതിൽ ഉൾപ്പെടുന്നു.

മൈനർ ഇറിഗേഷൻ എക്സിക്യുട്ടീവ് എൻജിനീയർക്കാണ് ഇതിന് നിർമ്മാണച്ചുമതല. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഒരു വർഷം മുമ്പ് എസ്റ്റിമേറ്റ് തയ്യാറാക്കി നടപടിക്രമങ്ങൾ പൂർത്തീകരിച്ചുട്ടള്ളതാണ്.

മുൻ എൽ.ഡി.എഫ് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ അന്നത്തെ ജലവിഭവ വകുപ്പ് മന്ത്രിയായിരുന്ന കെ. കൃഷ്ണൻകുട്ടിയുടെ ഇടപെടലിലാണ് 39 ലക്ഷം അനുവദിച്ചത്.

നിലവിലുണ്ടായിരുന്ന ചിറയുടെ ഏകദേശം മൂന്നിലൊന്ന് ഭാഗം മാത്രമാണ് നിർമ്മാണത്തിനായി എടുത്തിട്ടുള്ളത്. ബാക്കിസ്ഥലം സ്വകാര്യവ്യക്തികളുടെ വസ്തുവിലേക്ക് വഴി നിർമ്മിച്ച് കൊടുത്തിരിക്കുകയാണ്. ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നടക്കുന്ന ' അഴിമതി അന്വേഷിക്കണമെന്ന് സി.പി.എം പ്രവർത്തകർ ആവശ്യപ്പെട്ടു.