df

കൊച്ചി: കേരളീയ ആയുർവേദത്തിന് ആഫ്രിക്കൻ രാജ്യങ്ങളിൽ പ്രശസ്തി നൽകിയ കെനിയയുടെ മുൻപ്രധാനമന്ത്രി റയില ഒഡിങ്കയും കുടുംബവും മകളുടെ നേത്രചികിത്സയ്ക്കായി ഇന്ന് കൊച്ചിയിലെത്തും.

2017ലാണ് റയില ഒഡിങ്കയുടെ മകൾ റോസ്‌മേരി ഒഡിങ്കയുടെ കാഴ്ച ഏതാണ്ട് പൂർണമായും നഷ്ടപ്പെട്ടത്. ആദ്യം ദക്ഷിണാഫ്രിക്കയിലും പിന്നീട് ഇസ്രയേലിലും ചൈനയിലും ചികിത്സിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ കൂത്താട്ടുകുളത്തെ ശ്രീധരീയം ഐ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിലെ ചികിത്സയിലാണ് റോസ്‌മേരിക്ക് കാഴ്ച തിരിച്ചുകിട്ടിയത്.

കെനിയയുടെ സ്വാതന്ത്രസമര സേനാനിയും ആദ്യ വൈസ് പ്രസിഡന്റുമായ ജരമോഗി ഒഗിംഗ ഒഡിങ്കയുടെ മകനാണ് റയില. കെനിയയിലെ ഏറ്റവും പ്രമുഖ രാഷ്ട്രീയ കുടുംബങ്ങളിലൊന്നാണ് ഒഡിങ്കാ കുടുംബം. റോസ്‌മേരിയുടെ നേത്രരോഗം ഏറെക്കാലം കെനിയൻ മാദ്ധ്യമങ്ങളിൽ വാർത്തയായിരുന്നു. മകളുടെ നഷ്‌ടപ്പെട്ട കാഴ്ചശക്തി രണ്ടു വർഷത്തിനു ശേഷം ഇന്ത്യയിലെ ചികിത്സയിലൂടെ തിരിച്ചുകിട്ടിയതിനെക്കുറിച്ച് 2019 20 കാലത്ത് കെനിയയിലെ ടി.വി ചാനലുകളിൽ റയില ഒഡിങ്ക പറഞ്ഞിരുന്നു. തുടർചികിത്സയ്ക്കായാണ് റോസ്‌മേരി കുടുംബത്തോടുമൊപ്പം വീണ്ടുമെത്തുന്നത്. ഒഡിങ്കയും കുടുംബവും ഏതാനും ദിവസം കൂത്താട്ടുകുളത്തുണ്ടാകുമെന്ന് ശ്രീധരീയം ചീഫ് ഫിസിഷ്യൻ ഡോ. നാരായണൻ നമ്പൂതിരി പറഞ്ഞു.