കൊച്ചി: കൊച്ചി നഗരത്തിനായി ടൗൺപ്ലാനിംഗ് വകുപ്പ് പുതുക്കി തയാറാക്കിയ കരട് മാസ്റ്റർ പ്ലാൻ രൂപരേഖ ഇന്ന് വിദഗ്ദ്ധസമിതി ചർച്ച ചെയ്യും. കരട് മാസ്റ്റർ പ്ലാൻ രൂപരേഖ മേയറുടെയും കോർപ്പറേഷൻ നഗരാസൂത്രണ സമിതിയുടെ മുന്നിൽ അവതരിപ്പിച്ചിരുന്നു. ഇതിൽ നിന്നും ലഭിച്ച നിർദ്ദേശങ്ങൾക്കനുസൃതമായി മാറ്റം വരുത്തിയ കരട് മാസ്റ്റർ പ്ലാൻ രൂപരേഖയാണ് ചർച്ച ചെയ്യുന്നത്. ചർച്ചയ്ക്കുശേഷം രൂപരേഖ 13 വർക്കിംഗ് ഗ്രൂപ്പുകൾക്ക് മുന്നിൽ അവതരിപ്പിക്കും. പിന്നീട് നഗരസഭാതിർത്തിക്കുള്ളിലെ എം.പി, എം.എൽ.എമാർ, വിവിധ സംഘടനകൾ എന്നിവരുടെ അഭിപ്രായം തേടും. ഗുണകരമായ അഭിപ്രായങ്ങൾ പരിഗണിച്ച് രൂപരേഖ വീണ്ടും ഭേദഗതി ചെയ്യും. പിന്നീടത് കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ ചർച്ചയ്ക്ക് വയ്ക്കും. ദേദഗതി വരുത്തിയ രൂപരേഖ പൊതുജനങ്ങൾക്ക് മുന്നിൽ ചർച്ചയ്ക്ക് വയ്ക്കും. പൊതുജനങ്ങളുടെ അഭിപ്രായം പരിഗണിച്ച് വലിയ ഭേദഗതി ആവശ്യമാണെങ്കിൽ രൂപരേഖ വീണ്ടും കൗൺസിൽ യോഗത്തിലെത്തും. അല്ലാത്തപക്ഷം ടൗൺപ്ലാനിംഗ് വിഭാഗം കൊച്ചിയുടൈ മാസ്റ്റർ പ്ലാൻ വിജ്ഞാപനം ചെയ്യും. അടുത്ത 25വർഷത്തെ മുന്നിൽക്കണ്ടാണ് രേഖ തയാറാക്കിയിരിക്കുന്നത്. ദിനേശ് മണി മേയർ ആയിരിക്കുമ്പോഴാണ് മാസ്റ്റർ പ്ലാൻ തയാറാക്കാനുള്ള ശ്രമം നടന്നത്. വർഷങ്ങൾക്കുശേഷം മേയർ അഡ്വ. എം അനിൽകുമാറിന്റെ നേതൃത്വത്തിൽ മാസ്റ്റർ പ്ലാൻ തയാറാക്കാനുള്ള ശ്രമം വീണ്ടും ആരംഭിക്കുകയായിരുന്നു. ഇത് സർക്കാരിനെ അറിയിക്കുകയും തുടർന്ന് സർക്കാർ നിർദ്ദേശപ്രകാരം ടൗൺപ്ലാനിംഗ് വിഭാഗം മാസ്റ്റർ പ്ലാൻ തയാറാക്കുകയുമായിരുന്നു.