ആലുവ: കൊവിഡിനെ തുടർന്നുള്ള നിയന്ത്രണങ്ങളിൽ ഇളവുണ്ടാകുന്ന പശ്ചാത്തലത്തിൽ ആലുവ മഹാശിവരാത്രി ആഘോഷം ഏതുരീതിയിൽ സംഘടിപ്പിക്കണമെന്ന് 11ന് ആലുവയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗത്തിൽ അന്തിമ തീരുമാനമെടുക്കും. അതിന് മുമ്പായി സർക്കാരിന്റെ മാർഗനിർദ്ദേശം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ദേവസ്വം ബോർഡും നഗരസഭയും.
സർക്കാരിന്റെ കൊവിഡ് മാനദണ്ഡം പാലിച്ചായിരിക്കും ഇക്കുറിയും സംഘടിപ്പിക്കുക. കഴിഞ്ഞ വർഷത്തിൽ നിന്നും വ്യത്യസ്ഥമായി കൊവിഡ് നിയന്ത്രണങ്ങളിൽ ഇപ്പോൾ സർക്കാർ കൂടുതൽ ഇളവുകൾ നൽകളുള്ളതിനാൽ വ്യാപാര മേള ഉൾപ്പെടെ സംഘടിപ്പിക്കാനും സാദ്ധ്യതയുമുണ്ട്. നഗരസഭ, റവന്യു, പൊലീസ്, എക്സൈസ്, വാട്ടർ അതോറിട്ടി, കെ.എസ്.ഇ.ബി, കെ.എസ്.ആർ.ടി.സി തുടങ്ങി എല്ലാ വിഭാഗത്തിലെയും മേധാവികളെ 11ന് രാവിലെ 11 മണിക്ക് ശ്രീകൃഷ്ണ ടെമ്പിൾ ഹാളിൽ നടക്കുന്ന യോഗത്തിലേക്ക് ദേവസ്വം ബോർഡ് ക്ഷണിച്ചിട്ടുണ്ട്.
ഇളവുകൾ കിട്ടിയാൽ
ബലി തർപ്പണം
സർക്കാർ ഇളവുകൾ അനുവദിച്ചാൽ 2020 വരെ നടന്ന രീതിയിൽ തന്നെ ബലിതർപ്പണത്തിന് സൗകര്യമൊരുക്കും. മറിച്ചാണെങ്കിൽ കഴിഞ്ഞ വർഷത്തെ പോലെ നിയന്ത്രണങ്ങളോടെയായിരിക്കും തർപ്പണം. 11ന് നടക്കുന്ന യോഗത്തിന്റെ തീരുമാനം അനുസരിച്ച് 15 മുതൽ ബലിത്തറകളുടെ ലേലം ദേവസ്വം ഓഫീസിൽ നടത്താനാണ് നിശ്ചിയച്ചിട്ടുള്ളത്. സർക്കാർ അനുമതി നൽകിയാൽ വ്യാപാരമേള സംഘടിപ്പിക്കാൻ നഗരസഭയും ഒരുക്കമാണ്. പരിമിതമായ സമയം മാത്രമാണുള്ളതെങ്കിലും ശിവരാത്രിയുടെ പ്രാധാന്യം ഉൾകൊണ്ട് വ്യാപാരമേളക്കുള്ള സൗകര്യങ്ങൾ ഒരുക്കാമെന്നാണ് നഗരസഭയുടെ നിലപാട്.
ഇളവുകൾ ലഭിക്കുമെന്നാണ് പ്രതീക്ഷ
ഇക്കുറി ശിവരാത്രി ആഘോഷത്തിനും പിതൃബലി തർപ്പണത്തിനും കൂടുതൽ ഇളവുകൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സർക്കാരും ബോർഡും തീരുമാനിക്കുന്നതനുസരിച്ച് എല്ലാ ഒരുക്കങ്ങളും ഏർപ്പെടുത്തും.
ഒ.ജി. ബിജു
ദേവസ്വം അഡ്മിനിസ്ട്രേറ്റർ
മണപ്പുറം
ശിവരാത്രി ഒരുക്കങ്ങളെ കുറിച്ച് ആലോചിക്കാൻ ആലുവ അദ്വൈതാശ്രമത്തിൽ 10ന് വൈകിട്ട് മൂന്നിന് ആശ്രമബന്ധുക്കളുടെ യോഗം നടക്കും. സർക്കാർ അനുവദിക്കുന്ന ഇളവുകളോടെ ശിവരാത്രി ആഘോഷവും സർവമത സമ്മേളനവും സംഘടിപ്പിക്കാനാണ് ആലോചിക്കുന്നത്.
സ്വാമി ധർമ്മ ചൈതന്യ
സെക്രട്ടറി