തൃക്കാക്കര : തൃക്കാക്കര നഗരസഭ ഏറെ കൊട്ടിഘോഷിച്ചു നടപ്പാക്കിയ പുകയില, പ്ലാസ്റ്റിക് നിരോധനങ്ങൾ ഫയലിൽ ഉറങ്ങുന്നു. ലഹരിവസ്‌തുക്കളായ ഹാൻസ്, പാൻപരാഗ് തുടങ്ങിയവയുടെ നിരോധനം നടപ്പാക്കി വർഷങ്ങളായിട്ടും തൃക്കാക്കരയിൽ രഹസ്യവിൽപനയിലൂടെ കച്ചവടക്കാർ വൻനേട്ടമുണ്ടാക്കുന്നു. നിരോധനത്തിന് മുൻപുണ്ടായിരുന്നതിന്റെ മൂന്നിരട്ടിയും നാലിരട്ടിയും വിലനൽകിയാണ് ഉപഭോക്താക്കൾക്ക് ഇവ ഇപ്പോൾ ലഭ്യമാകുന്നത്.
നഗരസഭയുടെ വിളിപ്പാടകലെ മൂന്ന് സ്ഥലങ്ങളിൽ പുകയില ഉത്പന്നങ്ങളുടെ വില്പന തകൃതിയായി നടക്കുന്നുണ്ട്. കെട്ടിട നിർമ്മാണ മേഖലയിലുള്ളവരും അന്യസംസ്ഥാന തൊഴിലാളികളും മലയാളികളും ഉപഭോക്താക്കളാണ്. ആദ്യ ഘട്ടത്തിൽ ലഹരിമുക്ത വാർഡ് എന്നെഴുതിയ ബോർഡുകൾ ഭൂരിഭാഗം വാർഡുകളിലും നഗരസഭ സ്ഥാപിച്ചിരുന്നു. എന്നാൽ, പല വാർഡുകളിലും ഇപ്പോൾ ബോർഡുപോലും ഇല്ലെന്നതാണ് സത്യം.
പ്ലാസ്റ്റിക്കിനായി ലക്ഷങ്ങൾ
നിരോധിച്ച പ്ലാസ്റ്റിക് സംഭരിച്ച് കയറ്റി അയക്കാൻ തൃക്കാക്കര നഗരസഭ ചെലവഴിക്കുന്നത് ലക്ഷങ്ങളാണ്. നഗരസഭ പ്രദേശങ്ങളിൽ പ്ലാസ്റ്റിക് നിരോധിച്ചെങ്കിലും നഗരസഭ പ്രദേശത്ത് നിന്ന് കുടുംബശ്രീ ശുചീകരണ തൊഴിലാളികൾ ശേഖരിക്കുന്ന പ്ലാസ്റ്റിക് കയറ്റി അയക്കാൻ മാത്രം മാസം ചെലവിടുന്നത് ലക്ഷങ്ങളാണ്. സൂപ്പർ മാർക്കറ്റുകളിലും ഹോൾസെയിൽ കച്ചവടസ്ഥാപനങ്ങളിലും പ്ലാസ്റ്റിക് കവറുകളുടെ വില്പന വ്യാപകമാണ്.