അങ്കമാലി : മെയിൻ കനാലിലുണ്ടായ തകരാറുമൂലം താത്കാലികമായി നിർത്തിവച്ച ഇടതുകര കനാലിലൂടെയുള്ള ജലസേചനം ഉടൻ പുനരാരംഭിക്കുമെന്ന് റോജി എം. ജോൺ എം.എൽ.എ അറിയിച്ചു. തകർന്ന ഭാഗം പൂർണ്ണമായും കോൺക്രീറ്റ് ചെയ്ത് പുനരുദ്ധരിക്കുന്ന പ്രവർത്തികൾ പൂർത്തീകരിച്ച് വരികയാണ്. ഏതാനും ദിവസങ്ങൾക്കു മുമ്പാണ് ഇടതുകര കനാലിന്റെ ആരംഭത്തിൽ ഏഴാറ്റുമുഖം പ്രകൃതി ഗ്രാമത്തിന്റെ സമീപത്ത് മെയിൻ കനാലിന്റെ ഒരു ഭാഗം ചാലക്കുടി പുഴയിലേക്ക് ഇടിഞ്ഞു പോയത്. താത്കാലികമായി അറ്റകുറ്റപണികൾ നടത്തിയ ഭാഗത്ത് കോൺക്രീറ്റ് ഭിത്തികൾ നിർമ്മിക്കുന്ന പ്രവർത്തികൾ നടന്നുവരുന്നതിനിടയിലാണ് സമീപ പ്രദേശത്ത് തന്നെ കനാലിന് ഇപ്പോൾ തകരാർ സംഭവിച്ചത്.
പുനരുദ്ധാരണ പ്രവർത്തനങ്ങൾ റോജി എം. ജോൺ എം.എൽ.എ നേരിട്ടെത്തി വിലയിരുത്തി. കറുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് ലതിക ശശികുമാർ, മൂക്കന്നൂർ പഞ്ചായത്ത്പ്രസിഡന്റ് പോൾ പി മാസ്റ്റർ, പഞ്ചായത്ത് അംഗം കെ.പി. അയ്യപ്പൻ, കെ.പി. പോളി, ടി. എം. വർഗീസ്, ജലസേചന വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ ലാലി ജോർജ് എന്നിവരും ഒപ്പമുണ്ടായിരുന്നു