വൈപ്പിൻ: എളങ്കുന്നപ്പുഴ 16 -ാം വാർഡിലെ രംഗകല വെസ്റ്റ് റോഡ് കാന ഉൾപ്പെടെ സംവിധാനങ്ങളോടെ ആധുനിക മാനദണ്ഡങ്ങൾക്കനുസൃതം നിർമ്മിക്കുന്നതിന് ഭരണാനുമതിയായെന്ന് കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ. അറിയിച്ചു. ആറുമാസത്തിനകം നിർമ്മാണം പൂർത്തിയാക്കും. തദ്ദേശ സ്ഥാപന എൻജിനീയറിംഗ് വിഭാഗത്തിനാണ് നിർമ്മാണ മേൽനോട്ടച്ചുമതല.

രണ്ടു പതിറ്റാണ്ടോളം മുമ്പ് നിർമ്മിച്ച റോഡ് തകർന്ന് പലയിടത്തും റോഡില്ലാത്ത അവസ്ഥയിലാണ്. കാന സൗകര്യമില്ലാത്തതിനാൽ റോഡിലും വീട്ടുമുറ്റങ്ങളിലും പ്രദേശത്താകെത്തന്നെയും രൂക്ഷമായ വെള്ളക്കെട്ടിന്റെ കെടുതിയുമുണ്ട്. ഈ ശോച്യാവസ്ഥയ്ക്ക് പുതിയ റോഡ് നിർമ്മാണത്തോടെ പരിഹാരമാകും. രംഗകല ബസ്‌സ്റ്റോപ്പ് മുതൽ പടിഞ്ഞാറേക്ക് 246 മീറ്റർ ദൈർഘ്യത്തിലാണ് റോഡ് നിർമ്മിക്കുക.
എം.എൽ.എ.യുടെ ആസ്തിവികസന പദ്ധതിയിൽ ഉൾപ്പെടുത്തി 20.30 ലക്ഷം രൂപ ചെലവിലാണ് റോഡ് നിർമ്മാണം. വിശദമായ എസ്റ്റിമേറ്റ് തദ്ദേശസ്ഥാപന എക്‌സിക്യൂട്ടീവ് എൻജിനീയർ സമർപ്പിച്ചതായി കളക്ടർ ജാഫർ മാലിക് വ്യക്തമാക്കി.
വർഷങ്ങളായി നാട്ടുകാർ ഉന്നയിക്കുന്ന പ്രശ്‌നത്തിനാണ് എം. എൽ. എ. യുടെ ആസ്തി വികസന പദ്ധതിയിൽ റോഡ് നിർമ്മിക്കുന്നതോടെ പരിഹരിക്കപ്പെടുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം ക്ലാരസൈമൺ പറഞ്ഞു. യാത്രാക്ലേശവും വെള്ളക്കെട്ടിന്റെ ദുരിതവും റോഡ് പൂർത്തിയാകുന്നതോടെ പരിഹരിക്കപ്പെടുമെന്നും അവർ ചൂണ്ടിക്കാട്ടി.