silverline

കൊച്ചി: കാസർകോട് - തിരുവനന്തപുരം സെമി ഹൈസ്പീഡ് സിൽവർലൈൻ റെയിൽപ്പാത സജീവ ചർച്ചാവിഷയവും വാദപ്രതിവാദവുമാകുന്ന ആദ്യ തിരഞ്ഞെടുപ്പാകും തൃക്കാക്കരയിലേത്. പദ്ധതിയുടെ മേന്മകൾ വിവരിക്കുന്നതിനൊപ്പം യു.ഡി.എഫ്., ബി.ജെ.പി എന്നിവയുടെ എതിർപ്പ് എൽ.ഡി.എഫ് ആയുധമാക്കും. പദ്ധതി ജനവിരുദ്ധവും കേരളത്തിന് ബാദ്ധ്യതയുമാണെന്ന വാദത്തിലുറച്ചാകും യു.ഡി.എഫും ബി.ജെ.പിയും പ്രചാരണം നടത്തുക.

സിൽവർലൈൻ സ്റ്റേഷനുള്ള മണ്ഡലം എന്നതാണ് തൃക്കാക്കരയുടെ പ്രത്യേകത. മുതിർന്ന കോൺഗ്രസ് നേതാവ് പി.ടി. തോമസിന്റെ നിര്യാണത്തെ തുടർന്നാണ് തൃക്കാക്കരയിൽ ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്. മാർച്ചിലോ ഏപ്രിലിലോ തിരഞ്ഞെടുപ്പ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടികൾ ആരംഭിക്കുകയും ചെയ്തതോടെ മുന്നണികൾ അണിയറ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.

കേരളത്തിൽ ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന സിൽവർലൈൻ റെയിൽപ്പാത തൃക്കാക്കര മണ്ഡലത്തിൽ കാക്കനാട് ഇടച്ചിറയിലൂടെയാണ് കടന്നുപോകുക. ഇൻഫോപാർക്കിനോട് ചേർന്നാണ് നിർദ്ദിഷ്ട സ്റ്റേഷൻ. പദ്ധതി പ്രദേശമെന്ന നിലയിൽ ഉപതിരഞ്ഞെടുപ്പിൽ വിഷയം ചർച്ചയാകും. എൽ.ഡി.എഫ് ഇതിന് തുടക്കം കുറിക്കുകയും ചെയ്തിട്ടുണ്ട്.

വികസനം തടയുന്നെന്ന്

സിൽവർലൈനും മെട്രോ റെയിലിന്റെ കാക്കനാട് ദീർഘിപ്പിക്കലും വിഷയമാക്കി സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് കഴിഞ്ഞദിവസം രംഗത്തുവന്നു. മെട്രോ ദീർഘിപ്പിക്കലിലും സിൽവർലൈനുമെതിരായ നിലപാട് ജില്ലാ ആസ്ഥാനമായ കാക്കനാടിന്റെയും കൊച്ചിയുടെയും വികസനത്തിൽ കരിനിഴൽ വീഴ്‌ത്തുമെന്ന പ്രസ്താവന ഉപതിരഞ്ഞെടുപ്പ് കൂടി ലക്ഷ്യമിട്ടാണെന്ന് വിലയിരുത്തപ്പെടുന്നു. കേന്ദ്ര ബഡ്‌ജറ്റിൽ മെട്രോ ദീർഘിപ്പിക്കലിന് കേന്ദ്രം വിഹിതം അനുവദിച്ചിട്ടില്ല. പദ്ധതിക്ക് അന്തിമാനുമതിയും കേന്ദ്രം നൽകിയിട്ടില്ല. കോൺഗ്രസും ബി.ജെ.പിയും ചേർന്ന് ജില്ലാ ആസ്ഥാനത്തിന്റെ വികസനം തടയുകയാണ്. 2019ൽ തത്വത്തിൽ അംഗീകാരം നൽകിയ പദ്ധതിക്കാണ് അന്തിമാനുമതി നൽകാത്തതെന്നാണ് സി.പി.എം ഉന്നയിക്കുന്നത്.

എതിർപ്പ് കടുപ്പിക്കും

സിൽവർലൈനിനെതിരെ കടുത്ത നിലപാട് തുടരുന്ന കോൺഗ്രസും യു.ഡി.എഫും തൃക്കാക്കരയിൽ വിഷയം സജീവമായി ഉന്നയിക്കുമെന്ന് നേതാക്കൾ പറഞ്ഞു. പദ്ധതി സംബന്ധിച്ച് കേന്ദ്രസർക്കാർ കഴിഞ്ഞദിവസങ്ങളിൽ ഹൈക്കോടതിയിലെ കേസിലുൾപ്പെടെ സ്വീകരിച്ച നിലപാട് തങ്ങളുടെ വാദത്തിന് കരുത്തായി യു.ഡി.എഫ് ഉയർത്തിക്കാട്ടും.

കേരളത്തിന് കടുത്ത സാമ്പത്തികബാദ്ധ്യത വരുത്തുന്ന പദ്ധതിയാണിത്. വൻതോതിൽ ജനങ്ങൾ കുടിയൊഴിപ്പിക്കപ്പെടും. ഒഴിപ്പിക്കുന്നവർക്ക് വാഗ്ദാനം ചെയ്യുന്ന പാക്കേജ് പ്രായോഗികമല്ല. യു.ഡി.എഫ് നിർദ്ദേശിച്ച ബദൽ മാർഗങ്ങൾ ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാകുന്നില്ല. പദ്ധതി പരിസ്ഥിതിക്കും ജനങ്ങൾക്കും ഭാവിയിൽ വരുത്താവുന്ന ദോഷങ്ങൾ ഉന്നയിച്ചായിരിക്കും യു.ഡി.എഫിന്റെ പ്രചാരണങ്ങൾ.

വാശി ദുരുദ്ദേശപരമെന്ന്

സിൽവർലൈൻ അനാവശ്യ പദ്ധതിയെന്ന നിലപാടിലാണ് ബി.ജെ.പി. കഴിഞ്ഞദിവസം സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഉൾപ്പെടെ കേന്ദ്ര റെയിൽവേ മന്ത്രിയെ നേരിൽക്കണ്ട് പദ്ധതിക്കെതിരായ നിലപാടുകൾ അറിയിച്ചിരുന്നു. പദ്ധതിക്ക് അംഗീകാരം നൽകേണ്ടന്ന നിലപാടാണ് പാർട്ടി അറിയിച്ചത്. ഇതേ നിലപാട് ജനങ്ങളിലെത്തിക്കാൻ ഉപതിരഞ്ഞെടുപ്പ് വിനിയോഗിക്കുമെന്ന് ബി.ജെ.പി വൃത്തങ്ങൾ പറഞ്ഞു. നിലവിലെ റെയിൽവെ വികസനം ഉൾപ്പെടെ മാർഗങ്ങൾ സ്വീകരിക്കാതെ സിൽവർലൈനിന് വേണ്ടി സംസ്ഥാന സർക്കാരും എൽ.ഡി.എഫും വാശിപിടിക്കുന്നതും അവതരിപ്പിക്കാൻ തിരഞ്ഞെടുപ്പ് പ്രചാരണം അവസരമാക്കും.