palam

മൂവാറ്റുപുഴ: എഴുപത്തിരണ്ട് വർഷം മുമ്പ് നിർമ്മിച്ച പുളിന്താനം പാലം ഓർമ്മയാവുന്നു. 1950 ലാണ് പുളിന്താനം തോടിന് കുറുകെ കോൺക്രീറ്റ് പാലം നിർമ്മിച്ചത്. കക്കടാശ്ശേരി- കാളിയാർ റോഡിൽ ആദ്യമായി നിർമ്മിച്ച പാലമാണിത്. കക്കടാശ്ശേരിയിൽ കോതമംഗലം ആറിന് കുറുകെ പാലം നിർമ്മിക്കുന്നതിന് മുമ്പ് തന്നെ നിർമ്മിച്ചതാണ് ഈ പാലം. ഗതാഗത സൗകര്യം ഒന്നും ഇല്ലാതിരുന്ന ആ കാലഘട്ടത്തിൽ കക്കടാശ്ശേരിയിൽ നിന്നും പുളിന്താനം വരെയാണ് ബസ് സർവീസ് ഉണ്ടായിരുന്നത്. അന്ന് ഇരുമ്പു ഗർഡർ കൊണ്ടുള്ള നടപ്പാലം മാത്രമാണ് തോടിനു കുറുകെ ഉണ്ടായിരുന്നത്. തുടന്ന് 1945 ൽ പുളിന്താനം തോടിന് കുറുകെ തടിപ്പാലം നിർമ്മിച്ചത് മുതലാണ് പോത്താനിക്കാട് ബസ് സർവീസ് നീട്ടിയത്.

മൂന്ന് വലിയ ഇരുപൂൾ തടികൾ ഇട്ട് അതിനു മുകളിൽ 2 ഇഞ്ച് കനത്തിലുള്ള പലകകൾ അടിച്ചാണ് അന്ന് തടിപ്പാലം നിർമ്മിച്ചത്. പിന്നീട് ഇരുവശത്തും കരിങ്കൽ കാലുകൾ നിർമ്മിച്ച് അതിന് മുകളിലാണ് 8 മീറ്റർ നീളത്തിലും 4 മീറ്റർ വീതിയിലുമാണ് 1950 ൽ പാലം നിർമ്മിച്ചത്. പിന്നീട് പാലത്തിലൂടെയുള്ള വാഹനങ്ങളുടെ എണ്ണം കൂടിയതോടെ ഈ പാലത്തിനോട് ചേർന്ന് തന്നെ 3 മീറ്റർ വീതിയിൽ മറ്റൊരു പാലം കൂടി 1972 ൽ നിർമ്മിക്കുകയായിരുന്നു. ഇരു പാലങ്ങളും ചേർന്നതാണ് ഇപ്പോൾ കാണുന്ന പാലം.

ഘട്ടം ഘട്ടമായി കക്കടാശ്ശേരി- കാളിയാർ റോഡിന്റെ വികസനം നടന്നപ്പോഴും പാലം അറ്റകുറ്റപ്പണികൾ നടന്നില്ല. കൊടും വളവിൽ സ്ഥിതി ചെയ്യുന്ന പാലത്തിൽ വാഹന അപകടങ്ങൾ സ്ഥിരമായതോടെയാണ് പുതിയ പാലം നിർമ്മിക്കണമെന്ന ആവശ്യം ശക്തമായത്.

68 കോടിയിൽ

പുതിയ പാലം

റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 68 കോടി രൂപ മുടക്കി നടക്കുന്ന കക്കടാശ്ശേരി- കാളിയാർ റോഡിന്റെ പുനരുദ്ധാരണത്തിന്റെ ഭാഗമായാണ് പാലം പൊളിച്ച് മാറ്റി പുതിയ പാലം നിർമ്മിക്കുന്നത്. 21 മീറ്റർ നീളത്തിലും 12 മീറ്റർ വീതിയിലുമാണ് പുതിയ പാലം. ഇതിനായി ഇരുകരകളിലും ഭൂമി ഏറ്റെടുത്തിട്ടുണ്ട്. പഴയ പാലം ഈയാഴ്ച്ച പൊളിക്കാൻ തുടങ്ങും. പാലം വലുപ്പം കൂട്ടി നിർമ്മിക്കുന്നതോടെ മഴക്കാലത്ത് തോട്ടിലെ വെള്ളം എളുപ്പം ഒഴുകി പോകുവാൻ സാധിക്കുമെന്നതിനാൽ സ്ഥിരമായി തോടിനോടു ചേർന്ന താഴ്ന്ന പ്രദേശങ്ങളിലെ കൃഷി ഭൂമിയിൽ വെള്ളം കയറുന്നത് ഒഴിവാകുകയും ചെയ്യും.